വാഷിങ്ടൺ: കോവിഡ് വകഭേദമായ ഒമിക്രോണ്‍ വ്യാപനത്തെ തുടർന്ന് വിദേശ രാജ‍്യങ്ങളിൽനിന്നുള്ളർക്ക് ഏർപ്പെടുത്തിയ യാത്ര വിലക്കിനെതിരെ രൂക്ഷ വിമർശനവുമായി യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ്.യാത്രാ വിലക്കുകള്‍ അന്യായമാണെന്നും ഫലപ്രദമല്ലെന്നും അദ്ദേഹം പറഞ്ഞു.ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത ശേഷം നിരവധി രാജ്യങ്ങള്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് യുഎന്‍ സെക്രട്ടറി ജനറലിന്‍റെ പ്രതികരണം.
“അതിരുകളില്ലാത്ത വൈറസാണിത്. ഏതെങ്കിലും ഒരു രാജ്യത്തെയോ പ്രദേശത്തെയോ ഒറ്റപ്പെടുത്തുന്ന യാത്രാ നിയന്ത്രണങ്ങൾ അന്യായം മാത്രമല്ല, ഫലപ്രദവുമല്ല. പകരം യാത്രക്കാർക്കുള്ള പരിശോധനകള്‍ വർധിപ്പിക്കുകയാണ് വേണ്ടത്”- യുഎന്‍ സെക്രട്ടറി ജനറല്‍ പറഞ്ഞു.
കോവിഡ് വൈറസിന്‍റെ പുതിയ വകഭേദം കണ്ടെത്തുകയും നിർണായക ശാസ്ത്ര, ആരോഗ്യ വിവരങ്ങൾ ലോകവുമായി പങ്കുവെക്കുകയും ചെയ്ത രാജ്യങ്ങളെ ഒറ്റക്കെട്ടായി ശിക്ഷിക്കരുത്. ഉചിതവും ഫലപ്രദവുമായ മാർഗങ്ങളിലൂടെ യാത്രക്കാരെ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കുകയാണ് വേണ്ടത്.വൈറസ് വ്യാപനം നിയന്ത്രിക്കാനുള്ള ഒരോയൊരു മാർഗം ഇതുമാത്രമാണെന്നും യാത്ര, സാമ്പത്തിക ഇടപാടുകൾ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.