നോദാഖാലി: പശ്ചിമബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിൽ അനധികൃത പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ മൂന്നുപേർ മരിച്ചു. മൂന്നു പേർക്കു പരിക്കേറ്റു. നോദാഖാലി സ്വദേശി അഷിം മൊൻഡാലിന്റെ ഉടമസ്ഥതയിലുള്ള രണ്ടുനിലക്കെട്ടിടത്തിലാണ് അനധികൃത പടക്കനിർമാണ യൂണിറ്റ് പ്രവർത്തിച്ചുവന്നിരുന്നത്. ഇന്നലെ രാവിലെ എട്ടിനായിരുന്നു അപകടം. സ്ഫോടനത്തിൽ കെട്ടിടത്തിന്റെ ഒരുഭാഗം പൂർണമായും തകർന്നു.
സമീപത്തെ കെട്ടിടങ്ങൾക്കും വിള്ളലുണ്ടായി.മൂന്ന് സ്ഫോടനങ്ങളാണ് കെട്ടിടത്തിനുള്ളില്‍ ഉണ്ടായത്. കെട്ടിട ഉടമയേയും ഒരു സ്ത്രീയേയും മാത്രമാണ് തിരിച്ചറിഞ്ഞത്. കൊല്ലപ്പെട്ട മൂന്നാമത്തെ ആളെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റ് ചികിത്സയിലുള്ളവരുടെ ആരോഗ്യസ്ഥിതിയും ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
















