കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ (periya murder case)അറസ്റ്റിലായ അഞ്ച് സിപിഎം പ്രവർത്തകരെ (cpm activists)എറണാകുളം സിജെഎം കോടതിയിൽ ഇന്ന് ഹാജരാക്കും. കാസർകോഡുനിന്ന് അറസ്റ്റിലായ പ്രതികളെ പുലർച്ചെയോടെയാണ് കൊച്ചിയിലെത്തിച്ചത്. സിപിഐഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു, ഏച്ചിലടക്കം സ്വദേശികളായ വിഷ്ണു സുര, ശാസ്ത മധു, റെജി വര്‍ഗീസ്, ഹരിപ്രസാദ് എന്നിവരെയാണ് കോടതിയിലെത്തിത്തിച്ചത്.
കൊലപാതകത്തിലെ ഗൂഢാലോചന നടത്തുക, കൊലപാതകത്തിന് സഹായകരമായ വിവരങ്ങൾ കൈമാറുക, ആയുധങ്ങൾ സമാഹരിച്ച് നൽകുക, വാഹന സൗകര്യം ഏർപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങൾ പ്രതികൾ ചെയ്തതായി അന്വേഷണസംഘം പറയുന്നു. ഉദുമ മുൻ എം.എല്‍.എ കെ.വി കുഞ്ഞിരാമൻ, പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി എന്നിവരെ ഇന്നലെ വീണ്ടും ചോദ്യംചെയ്തിരുന്നു.
സി.ബി.ഐ അറസ്റ്റ് ചെയ്ത 5 പേർ അടക്കം ഇപ്പോൾ ആകെ 19 പേരാണ് പ്രതികൾ. ഇതിൽ ഉദുമ മുൻ ഏരിയ സെക്രട്ടറി കെ.മണികണ്ഠൻ, പെരിയ ലോക്കൽ സെക്രട്ടറി എൻ.ബാലകൃഷ്ണൻ എന്നിവർ ജാമ്യത്തിലാണ്. വരും ദിവസങ്ങളിൽ സി.പി. എം ജില്ലാ നേതാക്കളെ അടക്കം അന്വേഷണ സംഘം പ്രതി ചേർത്തേക്കുമെന്നാണ് സൂചന. കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നും വിവരമുണ്ട്.