ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തില്‍ ഡാമിന്റെ പത്ത് ഷട്ടറുകള്‍ തുറന്നു. നിലവില്‍ തുറന്നിരിക്കുന്ന എട്ട് ഷട്ടറുകള്‍ക്കൊപ്പം പുലര്‍ച്ചെ മൂന്നരയോടെ രണ്ട് ഷട്ടറുകള്‍ കൂടി തുറക്കുകയായിരുന്നു. മുന്നറിയിപ്പില്ലാതെയാണ് തമിഴ്‌നാട് ഷട്ടറുകള്‍ തുറന്നത്. 60 സെൻറീമീറ്റർ വീതമാണ് ഷട്ടറുകള്‍ ഉയർത്തിയിരിക്കുന്നത്. പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ഈ സീസണിൽ ആദ്യമായാണ് ഇത്രയധികം വെള്ളം തുറന്നു വിടുന്നത്. മുൻകൂട്ടി അറിയിക്കാത്തതിൽ വള്ളക്കടവിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. പെരിയാർ തീരത്തെ ജലനിരപ്പ് ഉയർന്ന് തുടങ്ങിയതും ആശങ്കയാണ്.പ്രതിഷേധം കനത്തതോടെ തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് തമിഴ്നാട് കുറച്ചു. ഉയർത്തിയ പത്ത് ഷട്ടറുകളിൽ അഞ്ചെണ്ണം അടച്ചു. തുറന്നിരിക്കുന്ന അഞ്ച് ഷട്ടറുകൾ 30 സെന്റീമീറ്റർ വീതമാണ് ഉയർത്തിയിട്ടുള്ളത്. സെക്കന്റില്‍ 8000 ഘനയടി വെള്ളമാണ് ഇപ്പോള്‍ മുല്ലപ്പെരിയാറില്‍ നിന്ന് പുറത്തേക്കൊഴുകുന്നത്.