കൊച്ചി: സിനിമാ നിര്‍മ്മാതാക്കളായ ആന്റണി പെരുമ്പാവൂരിനും ആന്റോ ജോസഫിനും ആദായനികുതി വകുപ്പിന്റെ നോട്ടീസ്. കണക്കുകളില്‍ പൊരുത്തക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നോട്ടീസ് നല്‍കിയത്. നേരിട്ട് ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ്.
ആന്റണി പെരുമ്പാവൂരിന്റെ ഉടസ്ഥതയിലുളള ആശീര്‍വാദ് ഫിലിംസ്, ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്, ആന്റോ ജോസഫിന്റെ ആന്‍ മെഗാ മീഡിയ എന്നിവിടങ്ങളില്‍ കഴിഞ്ഞയാഴ്ച പരിശോധന നടത്തിയിരുന്നു. ഇവരുടെ ടിഡിഎസ് കണക്കുകളില്‍ വന്‍ തുകയുടെ വ്യത്യാസം ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
താരങ്ങള്‍ക്ക് പ്രതിഫലം നല്‍കുമ്പോള്‍ ടിഡിഎസ് ( കുറച്ചിട്ടുളള തുകയാണ് നിര്‍മാതാക്കള്‍ നല്‍കുന്നത്. ഈ ടിഡിഎസ് പിന്നീട് ആദായ നികുതിയായി അടയ്ക്കണം. എന്നാല്‍ പല നിര്‍മാതാക്കളും ഈ തുക അടയ്ക്കാതെ കൈവശം വച്ചിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
താരങ്ങളുടെ പ്രതിഫലം കുറച്ച് കാണിച്ചും ടിഡിഎസ് വെട്ടിപ്പ് നടത്തിയതായി തിരിച്ചറിഞ്ഞിട്ടുണ്ട്. യഥാര്‍ഥ പ്രതിഫലത്തിന്റെ നാലിലൊന്നുമാത്രം കണക്കില്‍ കാണിക്കുകയും ബാക്കി തുകയ്ക്കുളളത് വിതരണക്കരാറായി മാറ്റുകയുമാണ് ചെയ്യുന്നത്. ഇതു ബോധ്യപ്പെട്ടതോടെയാണ് കൂടുതല്‍ പരിശോധനയ്ക്ക് കണക്കുകളുമായെത്താന്‍ നിര്‍മാതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, ഇന്ന് പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുളള പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, ദുല്‍ഖര്‍ സല്‍മാന്റെ വേ ഫെയറര്‍ ഫിലിംസ്, വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് എന്നിവിടങ്ങളും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.
ടി.ഡി.എസ് തിരിമറി നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താനായിരുന്നു പരിശോധന. ഒ.ടി.ടി വിതരണാവകാശവുമായി ബന്ധപ്പെട്ട കണക്കുകളും അന്വേഷിക്കുന്നുണ്ട്.