കൊച്ചി: പെട്രോളിയം ഉൽപന്നങ്ങളെ ജിഎസ്ടി പരിധിയിൽ കൊണ്ടുവരാനാകില്ലെന്ന് ജിഎസ്ടി കൗൺസിൽ. ഹൈക്കോടതിയിലാണ് ജിഎസ്ടി കൗൺസിൽ നിലപാട് അറിയിച്ചത്.
പെട്രോളിയം ഉത്പന്നങ്ങൾ പ്രധാന വരുമാന മാർഗമാണ്. ഇക്കാര്യത്തിൽ കൂടുതൽ ആലോചന വേണം. കോവിഡ് കാലമായതിനാൽ ഇപ്പോൾ ഇക്കാര്യം പരിഗണിക്കാനാവില്ലെന്നും ജിഎസ്ടി കൗൺസിൽ കോടതിയെ അറിയിച്ചു.
എന്നാൽ ജിഎസ്‍ടി കൗൺസിലിന്റെ മറുപടിയിൽ അതൃപ്തി പ്രകടിപ്പിച്ച കോടതി, കോവിഡ് കാലത്തും സുപ്രധാനമായ തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്ന് പറഞ്ഞു. എന്ത് കൊണ്ട് ജിഎസ്‍ടിയുടെ പരിധിയിൽ കൊണ്ട് വരാൻ പറ്റില്ലെന്നതിന് കൃത്യ മറുപടി പറയാൻ കേന്ദ്രത്തോട് നിർദ്ദേശിച്ചു.
ഹർജി ഡിസംബർ 2ന് വീണ്ടും പരിഗണിക്കും.
പെട്രോളും ഡീസലും ജിഎസ്ടിയിലേക്ക് കൊണ്ടു വരാനുള്ള നീക്കത്തെ നേരത്തെ സംസ്ഥാനങ്ങളടക്കം എതിർത്തിരുന്നു. ഇക്കഴിഞ്ഞ സെപ്തംബറിൽ ജിഎസ്ടി കൗൺസിൽ യോഗം വിഷയം ചർച്ചയ്ക്ക് എടുത്തെങ്കിലും എല്ലാ സംസ്ഥാനങ്ങളും കൂടി ഒന്നിച്ച് എതിർത്തിരുന്നു. ഇതോടെ വിഷയം പിന്നീട് ചർച്ച ചെയ്യാനായി മാറ്റിവച്ചു.