തിരുവനന്തപുരം; പൊതു മേഖലയിൽ ഉപയോഗിക്കുന്ന വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും ഇലക്ട്രിക് യുഗത്തിലേക്ക് മാറാൻ നിർബന്ധിതമായിരിക്കുന്ന കാലഘട്ടമാണിതെന്ന് ഗതാഗത മന്ത്രി ആൻറണി രാജു.
എനർജി മനേജ്‌മെന്റ് സെന്റർ (ഇ.എം.സി) കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ സഹകരണത്തോടെ വെള്ളയമ്പലം ഇൻസ്റ്റിറ്റിയൂഷൻ ഓഫ് എൻജിനിയേഴ്‌സ് ഹാളിൽ നടത്തിയ ദേശീയ ഊർജ്ജ സംരക്ഷണ പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പെട്രോളിന്റേയും ഡീസലിന്റേയും ഉപയോഗം കൊണ്ടുണ്ടാകുന്ന അന്തരീക്ഷമലിനീകരണവും ആഗോളതാപനവും അതുമൂലമുണ്ടാകുന്ന കാലാവസ്ഥാവ്യതിയാനവും ലോകമാകെ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണെന്നും അതുകൊണ്ടുതന്നെ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
കെ.എസ്.ആർ.ടി.സി എൽ.എൻ.ജിയും സി.എൻ.ജിയും ഉപയോഗിച്ച് ഓടുന്ന ബസ്സുകളുടെയും ഇലക്ട്രിക് ബസ്സുകളുടെയും എണ്ണം വർദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ്. കാര്യക്ഷമതയുള്ള മുപ്പതോളം ഇലക്ട്രിക് ഓട്ടോറിക്ഷകൾ വാങ്ങി സബ്‌സിഡി നിരക്കിൽ നൽകി ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് ഇലക്ട്രിക് വാഹനങ്ങൾ സംബന്ധിച്ചുള്ള ആശങ്കകൾ അകറ്റുമെന്നും മന്ത്രി പറഞ്ഞു.പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകൾ ആധുനിക സമൂഹത്തിന് ഏതെല്ലാം രീതിയിൽ ഉപയോഗപ്പെടുത്താമെന്നും വിവേചന ബുദ്ധിയോടെ നിലവിലുള്ള ഊർജ്ജ സ്രോതസ്സുകളെ എങ്ങനെ ഉപയോഗിക്കാമെന്നുമുള്ള പരിശ്രമങ്ങൾ നടത്തുന്നതിന് ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കെ.എസ്.ഇ.ബി.എൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ബി. അശോക് മുഖ്യപ്രഭാഷണം നടത്തി.