ദില്ലി: പന്ത്രണ്ട് പ്രതിപക്ഷ എംപിമാരുടെ (Suspension of 12 MPs) സസ്പെൻഷൻ പിൻവലിക്കണം എന്നാവശ്യപ്പെട്ടുള്ള ബഹളത്തിൽ രാജ്യസഭ നടപടികൾ ഇന്നും സ്തംഭിച്ചു. ഖേദം പ്രകിപ്പിച്ചാൽ തിരിച്ചെടുക്കാം എന്ന സർക്കാർ നിർദ്ദേശം പ്രതിപക്ഷം തള്ളി. ഇതോടെ ഗാന്ധിപ്രതിമയ്ക്കു മുന്നിൽ സസ്പെൻഷനിലായ എംപിമാർ ധർണ്ണ തുടങ്ങി.
പന്ത്രണ്ട് എംപിമാരുടെ സസ്പെൻഷനെ ചൊല്ലിയുള്ള ഏറ്റുമുട്ടൽ രാജ്യസഭയിൽ ഇന്നും തുടരുകയാണ്. രാവിലെ രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള നേതാക്കൾ ഗാന്ധിപ്രതിമയ്ക്കു മുന്നിൽ ധർണ്ണ നടത്തി. സസ്പെൻഷിൽ ആയവർ ധർണ്ണ തുടരുകയാണ്. മറ്റ് എംപിമാർ സഭയിലെത്തി ബഹളം വച്ചതോടെ രാജ്യസഭയിൽ നടപടികൾ സ്തംഭിച്ചു. പ്രതിപക്ഷവുമായി ചർച്ചയാവാം എന്ന നിർദ്ദേശം സർക്കാർ മുന്നോട്ടു വച്ചിരുന്നു. അംഗങ്ങൾ മാപ്പു പറഞ്ഞാൽ തിരിച്ചെടുക്കാം എന്നായിരുന്നു നിർദ്ദേശം. ഉപാധിയോ ചർച്ച വേണ്ടെന്ന് പ്രതിപക്ഷം അറിയിച്ചു. ഖേദം പ്രകടിപ്പിച്ചാൽ മതിയെന്ന നിർദ്ദേശം അനൗദ്യോഗികമായി സർക്കാർ അറിയിച്ചെങ്കിലും ഈ നിർദ്ദേശവും പ്രതിപക്ഷം തള്ളി. എന്നാൽ മുൻ നിലപാടിൽ മാറ്റമില്ലെന്ന് അദ്ധ്യക്ഷൻ വെങ്കയ്യ നായിഡു ആവർത്തിച്ചു.
ലോക്സഭയിലെ നടപടികളോട് പ്രധാന പ്രതിപക്ഷ പാർട്ടികൾ സഹകരിച്ചു. എന്നാൽ ടിആർഎസിൻറെ പ്രതിഷേധം കാരണം ചോദ്യോത്തരവേള സ്തംഭിച്ചു. ഇരുപക്ഷവും നിലപാടിൽ ഉറച്ചു നില്ക്കുന്ന സാഹച്യത്തിൽ രാജ്യസഭ നടപടികൾ അടുത്ത രണ്ടു ദിവസവും സ്തംഭിക്കാനാണ് സാധ്യത.