തൊടുപുഴ: സര്‍ക്കാറിൻറെ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ വഴി നടപ്പാക്കുന്ന ‘സമ്പൂര്‍ണ മാനസികാരോഗ്യം’ എല്ലാ പഞ്ചായത്തിലേക്കും വ്യാപിപ്പിക്കുന്നു.നടപ്പാക്കിയ പഞ്ചായത്തുകളില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും മാനസികാരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്താനും പരിഹരിക്കാനും പദ്ധതി സഹായകമായെന്ന വിലയിരുത്തലിലാണ് ബാക്കി പഞ്ചായത്തുകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നത്.
കോവിഡ് കാലത്ത് മന്ദഗതിയിലായ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രണങ്ങള്‍ നീങ്ങിയതോടെയാണ് ആരോഗ്യവകുപ്പ് ഊര്‍ജിതമാക്കുന്നത്.ഓരോ പഞ്ചായത്തിലും കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് ആശാ വര്‍ക്കര്‍മാരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വിവിധ തരം മാനസിക പ്രയാസങ്ങള്‍ നേരിടുന്നവരുടെ വിവരങ്ങള്‍ ആശാ വര്‍ക്കമാര്‍ വീടുകള്‍ സന്ദര്‍ശിച്ച് ശേഖരിക്കും.
മദ്യപാനം മൂലം കുടുംബത്തിലെ മറ്റ് അംഗങ്ങളും വിവിധ കാരണങ്ങളാല്‍ കുട്ടികളും നേരിടുന്ന പ്രശ്നങ്ങള്‍ കണ്ടെത്തും. ഇത്തരക്കാരെ തൊട്ടടുത്ത പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ക്യാമ്ബുകളില്‍ എത്തിക്കുകയാണ് അടുത്ത ഘട്ടം. മൂന്ന് ക്യാമ്ബുകള്‍ക്ക് ശേഷം ആവശ്യമായവര്‍ക്ക് കൗണ്‍സലിങ്ങും ചികിത്സയുമടക്കം ലഭ്യമാക്കുമെന്ന് മാനസികാരോഗ്യ പരിപാടിയുടെ സംസ്ഥാന നോഡല്‍ ഓഫിസര്‍ ഡോ. പി.എസ്. കിരണ്‍ പറഞ്ഞു.