ഇന്ന് ലോകം എയ്ഡ്‌സ് ദിനമായി ആചരിക്കുകയാണ്.1988മുതലാണ് ലോകാരോഗ്യ സംഘടന എയ്ഡ്‌സ് ദിനമായി ഡിസംബര്‍ ഒന്ന് ആചരിക്കുന്നത്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയും രോഗിയുടെ രക്തത്തില്‍ നിന്നും ഗര്‍ഭാവസ്ഥയില്‍ അമ്മയില്‍ നിന്ന് കുഞ്ഞിലേക്കുമെല്ലാമാണ് എയ്ഡ്‌സ് പടരുന്നത്.
ഒക്ടോബര്‍ വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് എച്ച്.ഐ.വി അണുബാധിതരായി 25,775 പേരാണ് ഉഷസ് കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.സംസ്ഥാനത്ത് മുതിര്‍ന്നവരിലെ എച്ച്.ഐ.വി അണുവ്യാപന തോത് 0.08 ശതമാനമാണെങ്കില്‍ ദേശീയതലത്തില്‍ ഇത് 0.22 ശതമാനമാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ എച്ച്.ഐ.വി അണുവ്യാപനത്തോത് കുറവാണെങ്കിലും ലക്ഷ്യപ്രാപ്തിയിലേക്ക് ഇനിയും മുന്നോട്ട് പോകേണ്ടതായിട്ടുണ്ട്.
ശരീരത്തിന്റെ പ്രതിരോധ ശേഷിയേയാണ് എയ്ഡ്‌സ് പ്രധാനമായും ബാധിക്കുന്നത്. അസമത്വങ്ങള്‍ അവസാനിപ്പിക്കുക, എയ്ഡ്‌സ് അവസാനിപ്പിക്കുക എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. മനുഷ്യര്‍ക്കിടയിലെ അസമത്വങ്ങളാണ് എയ്ഡ്‌സിനെ പ്രതിരോധിക്കുന്നതിലെ പ്രധാന വെല്ലുവിളിയെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.