കൊച്ചി: കൊച്ചിയിൽ മോഡലുകൾ കാറപകടത്തിൽ മരിച്ച കേസിൽ ( models death ) അറസ്റ്റിലായ സൈജു തങ്കച്ചൻറെ ( saiju thankachan ) ലഹരിപാർട്ടികളിൽ പങ്കെടുത്തവർക്ക് എതിരെയും കേസിന് ( case ) സാധ്യത. സൈജുവിൻറെ മൊബൈൽ ഫോണിൽ മയക്കുമരുന്ന് സംഘം ചേർന്ന് ഉപയോഗിക്കുന്ന നിരവധി വീഡിയോകൾ കണ്ടെത്തി. കഞ്ചാവ്, എംഡിഎംഎ, സ്റ്റാമ്പ് എന്നിവ സംഘം ചേർന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങളാണിത്. ഇവ ലഹരിപ്പാർട്ടികളെന്ന് സൈജു പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഈ വീഡിയോകളിലുള്ളവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കെതിരെ കേസെടുക്കുന്നതിന് പൊലീസ് നിയമോപദേശം തേടുകയാണ്.
സൈജു മയക്കുമരുന്നുമായി ബന്ധപ്പെട്ടും മറ്റ് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ടും ചാറ്റ് ചെയ്ത ആളുകളോട് ഇന്ന് അന്വേഷണ സംഘത്തിൻറെ മുമ്പാകെ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഫോണിൽ നിന്ന് ലഭിച്ച ഫോട്ടോകളിലും ദൃശ്യങ്ങളിലും മയക്കുമരുന്ന് ഉപയോഗിക്കുന്നതായി കണ്ട മുഴുവൻ ആളുകളും പൊലീസ് നിരീക്ഷണത്തിലാണ്. ഇവരെയെല്ലാം കസ്റ്റഡി കാലാവധി അവസാനിക്കും മുമ്പ് സൈജുവിൻറെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രമം. സൈജുവിൻറെ വാട്സാപ്പ് ഫെയ്സ്ബുക്ക് ഇൻസ്റ്റഗ്രാം എന്നി അക്കൗണ്ടുകളിലുള്ള സൈബർസെൽ പരിശോധനയും ഇന്ന് നടക്കും. പരിശോധനയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സൈബർ വിദ്ഗ്ദരുടെ സാന്നിധ്യത്തിൽ സൈജുവിനെ വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം.