കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് (Kanhangad) ലോട്ടറി വിൽപ്പനകാരനെ ഇടിച്ചുതെറിപ്പിച്ച് മരണത്തിലേക്ക് തള്ളിയിട്ട ശേഷം കടന്നുകളഞ്ഞ കാറിനെ ശാസ്‍ത്രീയമായി കുടുക്കി കേരളാ പൊലീസ് (Kerala Police). അപകട സ്ഥലത്ത് നിന്ന് ലഭിച്ച രണ്ട് ചില്ലു കഷണങ്ങളുമായി നടത്തിയ ശാസ്‍ത്രീയമായ അന്വേഷണത്തിന് ഒടുവിലാണ് അപകടം നടന്ന് 16 ദിവസങ്ങൾക്ക് അകം കാറിനെയും ഉടമയെയും പൊലീസ് പിടികൂടിയത്.
കാഞ്ഞങ്ങാട് ആറങ്ങാടി കൂളിയങ്കാലിൽ കഴിഞ്ഞ നവംബർ 14 ന് രാത്രിയിലായിരുന്നു അപകടം. കാറിടിച്ച് തോയമ്മൽ സ്വദേശിയായ ലോട്ടറി വിൽപ്പനക്കാരൻ സുധീഷ് (37) ആയിരുന്നു മരിച്ചത്. സുധീഷിനെ ഇടിച്ചിട്ട കാർ നിർത്താതെ ഓടിച്ച് പോകുകയായിരുന്നു. നാട്ടുകാർ യുവാവിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തുടർന്ന് അപകടം ഉണ്ടാക്കിയ കാർ കണ്ടെത്തുന്നതിന് ഹൊസ്‍ദുർഗ് പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് കഴിഞ്ഞ ദിവസം കാറും ഡ്രൈവറും പൊലീസിൻറെ പിടിയിലായത്.
മാരുതി 800 കാറും ഡ്രൈവറും കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശിയുമായ പ്രജിത്ത് (47) ആണ് അറസ്റ്റിലായത്. കാസർകോട് സർവ്വേ വകുപ്പിലെ ജീവനക്കാരനാണ് ഇയാൾ. അപകടം നടന്ന സ്ഥലത്ത് നിന്ന് ലഭിച്ച രണ്ട് ചില്ല് കഷണങ്ങളിൽ നിന്നായിരുന്നു പൊലീസിൻറെ അന്വേഷണം തുടങ്ങിയത്. കാറിൻറെ ഹെഡ്‍ലൈറ്റിൻറെ പൊട്ടിയ കഷണങ്ങളായിരുന്നു ഇത്. ഈ ചില്ലു കഷണങ്ങളുമായി വിവിധ വർക്ക് ഷോപ്പുകൾ കയറിയിറങ്ങിയും മെക്കാനിക്കുകളെ സമീപിച്ചും ഏത് മോഡൽ കാറിൻറെതാണ് ഈ ഭാഗങ്ങളെന്ന് കണ്ടെത്തി. അപകടമുണ്ടാക്കിയതായി നാട്ടുകാർ സംശയം പ്രകടിപ്പിച്ച കാറും ഈ ചില്ല് കഷണങ്ങളും തെളിവ് ശരിവയ്ക്കുന്നതായിരുന്നു.