പത്തനംതിട്ട: തീർത്ഥാടകരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ പരമ്പരാഗത നീലിമല പാത കാലതാമസം കൂടാതെ തുറക്കേണ്ടിവരുമെന്ന് അധികൃതർ. പാത തുറക്കുന്നതിൻറെ ഭാഗമായി സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായതായി പൊലീസും സർക്കാരിനെ അറിയിച്ചിടുണ്ട്. ദിവസവും സന്നിധാനത്ത് എത്തുന്ന തീർത്ഥാടകരുടെ എണ്ണം ഇരുപതിനായിരത്തിന് മുകളിൽ എത്തിയതോടെയാണ് സ്വാമി അയ്യപ്പൻ റോഡ് വഴിയുള്ള തീർത്ഥാടകരുടെ യാത്രയും ദുസ്സഹമാവുന്നത്.
ഒരേ പാതയിലൂടെ മലകയറുകയും ഇറങ്ങുകയും ചെയ്യുന്നത് തീർത്ഥാടകർക്ക് ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് പൊലീസ് സർക്കാരിനെ അറിയിച്ചു. നീലിമല പാതയിലെ ചിലസ്ഥലങ്ങളിൽ അറ്റകുറ്റ പണികൾ പുരോഗമിച്ച് വരികയാണ് നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിൽ കാർഡിയോളജി സെൻററുക ൾതുറക്കുന്ന കാര്യത്തിൽ തീരുമാനമായി. സർക്കാർ അനുമതി ലഭിച്ചാൽ പാത ഉടൻ തുറക്കും അതേസമയം പരമ്പരാഗത കാനനപാതകളായ കരിമല പുല്ലുമേട് പാതകൾ വഴിയുള്ള യാത്രകൾ ഇനിയും വൈകും.
പാത ഒരുക്കുന്ന ജോലികൾ ഇനിയും ആരംഭിച്ചിട്ടില്ല. സന്നിധാനം പമ്പ നിലക്കൽ എന്നിവിടങ്ങളിൽ ഡ്യൂട്ടി നോക്കുന്നതിന് വേണ്ടിയുള്ള രണ്ടാംഘട്ട പൊലീസ് സംഘം ചുമതലയേറ്റു. ഓഫിസർമാർ ഉൾപ്പടെ 265പേരാണ് സന്നിധാനത്തുള്ളത്. നീലിമല പാത തുറക്കുന്നതോടെ കൂടുതൽ പൊലീസുകാരെത്തും.