ഐ.പി.എല്ലിന്‍റെ 15 ആം പതിപ്പില്‍ ഓരോ ടീമുകളും ഏതൊക്കെ താരങ്ങളെ നിലനിർത്തുമെന്ന ആരാധകരുടെ ആകാംക്ഷകള്‍ക്ക് വിരാമമിട്ടുകൊണ്ട് ടീമുകള്‍ പട്ടിക പുറത്തുവിട്ടു. ഓരോ ടീമുകൾക്കും പരമാവധി നാല് താരങ്ങളെ നിലനിർത്താനാണ് അനുമതിയുള്ളത്. അടുത്ത സീസൺ മുതൽ ഐ.പി.എല്ലിന് പത്ത് ടീമുകളുള്ളതിനാല്‍ പല പ്രമുഖരും ടീം മാറുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. താരങ്ങളെ നിലനിർത്താനുള്ള സമയപരിധി ഇന്നാണ് അവസാനിക്കുന്നത്.
മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും നാല് താരങ്ങളെ നിലനിര്‍ത്തി. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും മൂന്നു താരങ്ങളെ വീതം അടുത്ത സീസണിലേക്ക് ഒപ്പം കൂട്ടി. എന്നാല്‍ പഞ്ചാബ് കിങ്‌സ് രണ്ടു താരങ്ങളെ മാത്രമാണ് നിലനിര്‍ത്തിയത്.
നായകൻ എംഎസ് ധോണി അടക്കം നാല് താരങ്ങളെ നിലനിർത്തി ചെന്നൈ സൂപ്പർ കിങ്‌സ്. ആരാധകരുടെ കാത്തിരിപ്പുകൾക്ക് അറുതിയാക്കിയാണ് അടുത്ത സീസണിൽ ടീമിനൊപ്പം ഗ്രൗണ്ടിൽ ധോണിയുണ്ടാകുമെന്ന പ്രഖ്യാപനം വന്നിരിക്കുന്നത്. ധോണിക്ക് പുറമെ രവീന്ദ്ര ജഡേജ, മോയിൻ അലി, ഋതുരാജ് ഗെയ്ക്ക്‌വാദ് എന്നിവരെയാണ് ചെന്നൈ നിലനിർത്തിയത്.
എന്നാൽ, വാർഷിക പ്രതിഫലത്തിൽ ധോണിക്കും മുകളിലാണ് ജഡേജ. പരമാവധി തുകയായ 16 കോടിയുടെ പൊന്നുംവില നൽകിയാണ് ചെന്നൈ താരത്തെ നിലനിർത്തിയത്. ധോണിക്ക് 12 കോടിയാണ് വാർഷിക പ്രതിഫലമായി നിശ്ചയിച്ചിരിക്കുന്നത്. ഇതാദ്യമായായിരിക്കും ധോണിക്ക് മറ്റൊരു താരത്തേതിലും കുറഞ്ഞ വാർഷിക പ്രതിഫലം ലഭിക്കുന്നത്. മോയിൻ അലിക്ക് എട്ടും ഗെയ്ക്ക്‌വാദിന് ആറും കോടി രൂപയാണ് വാർഷിക പ്രതിഫലം.
ഐപിഎലിന്റെ തുടക്കംതൊട്ട് ധോണിക്കൊപ്പം ടീമിലുള്ള സുരേഷ് റെയ്‌നയെ റിലീസ് ചെയ്തതാണ് മറ്റൊരു പ്രധാന വാർത്ത. 2008നുശേഷം ഇതാദ്യമായാണ് റെയ്‌നയെ ചെന്നൈ റിലീസ് ചെയ്യുന്നത്.
ചെന്നൈ നിലനിര്‍ത്തിയ താരങ്ങള്‍ക്ക് ലഭിച്ച തുക
എം.എസ് ധോണി – 12 കോടി
ജഡേജ – 16 കോടി
മുഈന്‍ അലി – 8 കോടി
ഗെയ്ക്വാദ് – 6 കോടി
മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന രാജസ്ഥാന്‍ റോയല്‍സ് പ്രതീക്ഷിച്ചതുപോലെ തന്നെ സഞ്ജു സാംസണെ നിലനിര്‍ത്തി. സഞ്ജുവിന് പുറമേ ഇംഗ്ലണ്ട് താരം ജോസ് ബട്‌ലറെയും യശസ്വി ജെയ്‌സ്വാളിനെയും റോയൽസ് നിലനിർത്തി.
രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയ താരങ്ങള്‍ക്ക് ലഭിച്ച തുക
സഞ്ജു സാംസണ്‍ – 14 കോടി
ജോസ് ബട്‌ലര്‍ – 10 കോടി
യശസ്വി ജെയ്‌സ്വാള്‍ – 4 കോടി
ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സ് മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയെയും ആസ്ട്രേലിയന്‍ താരം ഗ്ലെന്‍ മാക്സ്‍വെല്‍, ഇന്ത്യന്‍ താരം മുഹമ്മദ് സിറാജ് എന്നിവരെ നിലനിര്‍ത്തി.
ബാംഗ്ലൂര്‍ നിലനിര്‍ത്തിയ താരങ്ങള്‍ക്ക് ലഭിച്ച തുക
വിരാട് കോഹ്‍ലി – 15 കോടി
ഗ്ലെന്‍ മാക്സ്‍വെല്‍ – 11 കോടി
മുഹമ്മദ് സിറാജ് – 7 കോടി
മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരെയാണ് നിലനിര്‍ത്തിയത്. അതേസമയം ഹാര്‍ദിക് പാണ്ഡ്യയും ഇഷാന്‍ കിഷനും ടീം നിലനിര്‍ത്തിയവരുടെ പട്ടികയിലില്ല.
മുംബൈ നിലനിര്‍ത്തിയ താരങ്ങള്‍ക്ക് ലഭിച്ച തുക
രോഹിത് ശര്‍മ്മ – 16 കോടി
സൂര്യകുമാര്‍ യാദവ് – 8 കോടി
ജസ്പ്രീത് ബുംറ – 12 കോടി
കീറോണ്‍ പൊള്ളാര്‍ഡ് – 6 കോടി
സ്റ്റാര്‍ സ്പിന്‍ ബൗളര്‍ റാഷിദ് ഖാനെ നിലനിര്‍ത്താതെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആരാധകരെ ഞെട്ടിച്ചു. കെയ്ന്‍ വില്ല്യംസണ്‍, അബ്ദുല്‍ സമദ്, ഉമ്രാന്‍ മാലിക് എന്നിവരേയാണ് ഹൈദരാബാദ് അടുത്ത സീസണിലേക്ക് ഒപ്പം കൂട്ടിയത്. ഡേവിഡ് വാര്‍ണറേയും ജോണി ബെയര്‍സ്‌റ്റോയേയും ഹൈദരാബാദ് റിലീസ് ചെയ്തു.
സണ്‍റൈസേഴ്സ് നിലനിര്‍ത്തിയ താരങ്ങള്‍ക്ക് ലഭിച്ച തുക
കെയ്ന്‍ വില്യംസണ്‍ -14 കോടി
അബ്ദുല്‍ സമദ് – 4 കോടി
കെഎല്‍ രാഹുലിനെ പഞ്ചാബ് വിട്ടുനല്‍കി. ടീമിനൊപ്പം തുടരാന്‍ താത്പര്യമില്ലെന്ന് രാഹുല്‍ നേരത്തെ അറിയിച്ചിരുന്നു.
പഞ്ചാബ് നിലനിര്‍ത്തിയ താരങ്ങള്‍ക്ക് ലഭിച്ച തുക
മായങ്ക് അഗര്‍വാള്‍ – 12 കോടി
അര്‍ഷ്ദീപ് സിങ് – നാല് കോടി
കൊല്‍ക്കത്ത നിലനിര്‍ത്തിയ താരങ്ങള്‍ക്ക് ലഭിച്ച തുക
ആന്ദ്രേ റസല്‍ – 12 കോടി
സുനില്‍ നരേന്‍ – 6 കോടി
ശ്രേയസ് അയ്യര്‍ – 8 കോടി
വരുണ്‍ ചക്രവര്‍ത്തി – 8 കോടി
ഡല്‍ഹി നിലനിര്‍ത്തിയ താരങ്ങള്‍ക്ക് ലഭിച്ച തുക
ഋഷഭ് പന്ത് – 16 കോടി
അക്സര്‍ പട്ടേല്‍ – 9 കോടി
ആന്ദ്രിച്ച് നോര്‍ക്ക്യ – ആറരക്കോടി
പൃഥ്വി ഷാ – ഏഴരക്കോടി
2022 സീസണ്‍ മുതല്‍ പത്ത് ടീമുകളാണ് ഐപിഎല്ലില്‍ മാറ്റുരയ്ക്കുന്നത്. പുതുതായി ഐപിഎല്ലിലെത്തുന്ന ലഖ്നൗ, അഹമ്മദാബാദ് ടീമുകള്‍ക്ക് മെഗാ ലേലത്തിന് മുമ്പ് പ്ലെയര്‍ പൂളില്‍ നിന്ന് മൂന്നു വീതം കളിക്കാരെ സ്വന്തമാക്കാന്‍ അവസരമുണ്ടാകും. ടീമുകള്‍ റിലീസ് ചെയ്യുന്ന താരങ്ങളാകും ഈ പൂളിലുണ്ടാകുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.