ആഫ്രിക്കയിൽ നിന്നും ഏഷ്യയിൽ നിന്നുമുള്ള അഭയാർഥികളുടെ യൂറോപ്യൻ തുറമുഖമായി ഗ്രീസ് മാറുന്നു. അടുത്തകാലത്തായി ഏറ്റവും കൂടുതൽ അഭയാർത്ഥികൾ എത്തിയത് ക്യൂബയിൽ നിന്ന് ആണെന്ന് അധികാരികൾ വ്യക്തമാക്കുന്നു. ഒക്‌ടോബർ 28-ന് 130-ഓളം ക്യൂബക്കാർ അയോണിയൻ കടലിലെ സാകിന്തോസ് ദ്വീപിൽ നിന്ന് വടക്കൻ ഇറ്റലിയിലെ മിലാനിലേക്ക് പറക്കാൻ ശ്രമിച്ചപ്പോഴാണ് വിഷയം വെളിച്ചത്തുവന്നത്.
“ഇത്രയും ക്യൂബക്കാർ ഒരേ സ്ഥലത്ത് കണ്ടുമുട്ടിയത് യാദൃശ്ചികമായിരുന്നു,” അവരിൽ ഒരാളായ പെഡ്രോ പറഞ്ഞു. ക്യൂബൻ പാസ്‌പോർട്ട് ഒന്നിനുപുറകെ ഒന്നായി പോലീസ് കണ്ടപ്പോൾ ഞങ്ങളെയെല്ലാം പ്രത്യേക മുറിയിലാക്കി. ഒരു പ്രാദേശിക വാർത്താ ഔട്ട്‌ലെറ്റ് പോസ്റ്റ് ചെയ്ത ഒരു വീഡിയോ ക്ലിപ്പ് ക്യൂബക്കാരെ പ്രാദേശിക പരിസരത്തേക്ക് കൊണ്ടുപോകാൻ പോലീസ് ശ്രമിച്ചപ്പോൾ അത് തർക്കത്തിൽ കലാശിക്കുന്നതായി കാണാം. അവരോടെല്ലാം ഗ്രീസ് വിടാൻ രേഖാമൂലം അറിയിപ്പ് നൽകിയിട്ടുണ്ട്.
തകരുന്ന സമ്പദ്‌വ്യവസ്ഥയും അടിച്ചമർത്തലും ക്യൂബ വിടാനുള്ള കാരണങ്ങളായി ക്യൂബ വിട്ടവർ പറയുന്നു. അൽജസീറയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മരുന്ന്, സോപ്പ്, ടോയ്‌ലറ്റ് പേപ്പർ, ഭക്ഷണം – ഇതെല്ലാം ക്യൂബയിൽ വിരളമാണെന്ന് പെഡ്രോ പറയുന്നു. ഇവ കിട്ടിയാൽ തന്നെ അവ വളരെ ചെലവേറിയതാണ് എന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
ക്യൂബൻ അധികാരികൾ അടുത്തിടെ ഇത്തരം വസ്തുക്കൾ വാങ്ങാനായി ഒരു ക്യാഷ്കാർഡ് സ്ഥാപിച്ചു, അതിലൂടെ ഒരാൾക്ക് അത്തരം സാധനങ്ങൾ വിതരണം ചെയ്യുന്ന കടകളിൽ നിന്ന് വാങ്ങാം. എന്നാൽ കാർഡുകൾ വിദേശ കറൻസി ആക്സസ് ഉള്ള ആളുകൾക്ക് മാത്രമാണ് നൽകുന്നത്.
“നിങ്ങൾക്ക് ഈ കാർഡ് ഉണ്ടെങ്കിൽ, ബന്ധുക്കൾക്ക് വിദേശത്ത് നിന്ന് നിങ്ങൾക്ക് ഡോളർ അയയ്ക്കാം, നിങ്ങൾക്ക് ജീവിക്കാം. നിങ്ങൾക്ക് ഡോളർ അയയ്‌ക്കാൻ ആളില്ലെങ്കിൽ, നിങ്ങൾ പട്ടിണി കിടക്കും.”” പെഡ്രോയുടെ സുഹൃത്ത് ലോറ പറയുന്നു.
ഇതോടെ ധാരാളം ആളുകൾ പട്ടിണിയിലേക്ക് നീങ്ങി. ഇത് പ്രതിഷേധത്തിനും വഴിവെച്ചു. എന്നാൽ പ്രതിഷേധം നടത്തിയവരെ വീഡിയോ ചിത്രീകരിച്ച് സർക്കാർ വേട്ടയാടാൻ തുടങ്ങി. പലരെയും വീടുകളിൽ എത്തി അറസ്റ്റ് ചെയ്യാൻ തുടങ്ങി. പലർക്കും മർദ്ദനമേറ്റു. ചിലർക്ക് ജോലി നഷ്ടമായി.
ഇതോടെയാണ് പലരും ക്യൂബ വിടാൻ തുടങ്ങിയത്. സ്‌പെയിൻ, ഇറ്റലി, ജർമനി തുടങ്ങിയ രാജ്യങ്ങൾ ലക്ഷ്യമാക്കിയാണ് ഇവർ യാത്ര ചെയ്യുന്നത്. ഗ്രീസ് ഇവർക്ക് ഇടത്താവളമാണ്.
ദുരിതത്തിലായ ക്യൂബക്കാർ സാധാരണയായി അമേരിക്കയെ ആണ് കുടിയേറ്റത്തിനായി നേരത്തെ സമീപിച്ചിരുന്നത്. ക്യൂബക്കാർക്ക് അമേരിക്കയിൽ പണ്ടേ ഒരു പ്രത്യേക നിയമം ഉണ്ട്. അവർക്ക് ശാരീരികമായി അവിടെയെത്താൻ സാധിച്ചാൽ, ഒരു വർഷത്തിന് ശേഷം അവർക്ക് ഗ്രീൻ കാർഡിന് അപേക്ഷിക്കാം. അതിനെ ക്യൂബൻ അഡ്ജസ്റ്റ്‌മെന്റ് ആക്റ്റ് എന്നാണ് വിളിച്ചിരുന്നത്. എന്നാൽ ഒബാമയുടെ ഭരണകാലത്ത് ഈ ഇളവ് അവസാനിപ്പിച്ചു.
തുടർന്ന് വന്ന ഡൊണാൾഡ് ട്രംപ് അഭയാർഥികൾക്ക് യുഎസിൽ പ്രവേശനം നിഷേധിക്കകുക കൂടി ചെയ്തതോടെ അമേരിക്ക എന്ന വാതിൽ ക്യൂബെക്ക് മുൻപിൽ അടഞ്ഞു.
നിലവിൽ ഗ്രീസിൽ ഉള്ള നിരവധി ക്യൂബൻ അഭയാർത്ഥികൾ ഇനി എന്ത് ചെയ്യുമെന്നറിയാതെ ആശങ്കയിലാണ്. മുന്നോട്ടുള്ള അവരുടെ യാത്ര ഏറെ ദുഷ്കരമാണ്. അതിനായി കടമ്പകൾ ഏറെ കടക്കാനുണ്ട്. അതേസമയം ഗ്രീസിൽ തങ്ങാനുള്ള പണമോ ജോലിയോ അവർക്കില്ല. മറ്റൊരു വഴിയുള്ളത് ക്യൂബയിലേക്ക് തന്നെ നാടുകടത്താൻ അപേക്ഷിക്കുക എന്നതാണ്. എന്നാൽ അതിന് ആരും തയ്യാറല്ല.
അഭിപ്രായ സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങൾക്കും ഏറെ വില കൽപ്പിക്കുന്ന ഗ്രീസിൽ തുടരാനാണ് അവർക്കു താല്പര്യം. ക്യൂബയിലേക്ക് തിരിച്ചെത്തിയാൽ അവർക്ക് അത് നഷ്ടമാകും. ഇവിടെ ജയിലുകളിൽ പോലും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്ന് അവർ പറയുന്നു.