പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. വെർച്വൽ ക്യൂ ഒഴിവാക്കണം, രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്കും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും ദര്‍ശനം അനുവദിക്കണം. സന്നിധാനത്ത് എത്തുന്നവര്‍ക്ക് 12 മണിക്കൂര്‍ വരെ കഴിയാന്‍ മുറികള്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
മണ്ഡലകാലത്ത് സന്നിധാനത്ത് തീർത്ഥാടകർക്ക് മുറികൾ വാടകയ്‌ക്ക് നൽകിയിരുന്നതിലൂടെ ദേവസ്വം ബോർഡിന് വൻ വരുമാനമാണ് ലഭിച്ചിരുന്നത്. എന്നാൽ ഇക്കുറി തീർത്ഥാടകരെ തങ്ങാൻ അനുവദിക്കാത്തതുകൊണ്ടു തന്നെ ഇത് മുടങ്ങി. തീർത്ഥാടകരുടെ എണ്ണം നിയന്ത്രിച്ചതിനാൽ അതുവഴിയുളള വരുമാനവും കുറവാണ്. ശബരിമലയിലെയും മറ്റും കടകളും പൂർണമായി ലേലത്തിൽ പോയിട്ടില്ല. ഈ സാഹചര്യത്തിലാണ് കൂടുതൽ ഇളവുകൾ തേടിയിരിക്കുന്നത്.
രണ്ട് ഡോസ് വാക്സിനെടുത്തവർക്കും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും ദർശനം അനുവദിക്കണം. നീലിമല വഴി ഭക്തരെ കടത്തിവിടാൻ അനുമതി വേണം, ജലനിരപ്പ് കുറയുന്നതനുസരിച്ച് പമ്പയിൽ സ്നാനം അനുവദിക്കണം തുടങ്ങി അഞ്ച് നിർദേശങ്ങളാണ് ബോർഡ് മുഖ്യമന്ത്രിയ്‌ക്ക് കൈമാറിയത്.
കൊറോണ ഭേദമായവർക്ക് മല കയറുമ്പോഴുണ്ടാകുന്ന കിതപ്പും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും പരിഗണിച്ചാണ് നീലിമല വഴിയുളള തീർത്ഥാടനത്തിന് വിലക്കേർപ്പെടുത്തിയത്. ഇക്കാര്യത്തിൽ സർക്കാരിന്റെ ഉന്നതാധികാര സമിതിയാണ് തീരുമാനമെടുക്കേണ്ടത്. ആവശ്യത്തിൽ അടുത്ത കൊറോണ അവലോകന യോഗത്തിൽ തീരുമാനമുണ്ടായേക്കും. വെർച്വൽ ബുക്കിംഗും സ്‌പോട്ട് ബുക്കിംഗും വഴിയാണ് നിലവിൽ തീർത്ഥാടകർക്ക് ദർശനം അനുവദിക്കുന്നത്.
അതേസമയം, ശബരിമല തീർത്ഥാടനം പ്രമാണിച്ച് കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കുള്ള കെഎസ്ആർ ടി സി സർവീസുകൾ നാളെ മുതൽ പുനരാരംഭിക്കും. സർവീസ് പുനരാരംഭിക്കാൻ തമിഴ്നാട് അനുമതി നൽകിയതിനെത്തുടർന്നാണ് തീരുമാനം.