തിരുവനന്തപുരം: കെ റെയിൽ പദ്ധതിയുമായി മുമ്പോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള പാതയിൽ ഒരിടത്തും പരിസ്ഥിതി ലോലപ്രദേശം ഉൾപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസർക്കാറിന്റെ അവഗണനയ്‌ക്കെതിരെ രാജ്ഭവനു മുമ്പിൽ എൽഡിഎഫ് സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
പദ്ധതി പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കുമെന്ന് പ്രചാരണമുണ്ട്. ഇത് സമ്പൂർണ ഹരിതപദ്ധതിയാണ്. ആളുകൾ മാത്രമല്ല, ഈ റെയിലിലൂടെ സഞ്ചരിക്കുക. റോഡിലൂടെ പോകുന്ന ചരക്കുവണ്ടികളുടെ വ്യാപനം വലിയ തോതിൽ കുറയ്ക്കും. കാർബൺ ബഹിർഗമനത്തിൽ വലിയ തോതിലുള്ള കുറവാണ് പദ്ധതി പൂർത്തീകരിക്കുന്നതോടെ സംഭവിക്കാൻ പോകുന്നത്. നാം കാണേണ്ടതും ശ്രദ്ധിക്കേണ്ടതും എടുത്തു പറയേണ്ടതും തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ഈ പാത ഒരിടത്തും പരിസ്ഥിതി ലോലപ്രദേശമെന്ന് കണക്കാക്കിയതിലൂടെ മുമ്പോട്ടു പോകുന്നില്ല. – മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ വികസനത്തിന് തുരങ്കം വെയ്ക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടാവുന്നതെന്ന് മുഖ്യമന്ത്രി വിമർശിച്ചു. കേരളത്തിന്റെ വികസനത്തിനെതിരെ പ്രവർത്തിക്കുന്ന അവിശുദ്ധ സഖ്യത്തിൽ ബിജെപിയുമുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി കേന്ദ്രസർക്കാരിനെ കൊണ്ട് എന്തൊക്കെ ചെയ്യാൻ പറ്റുമോ അതൊക്കെ ചെയ്യുകയാണെന്നും കുറ്റപ്പെടുത്തി.
കെ റെയിൽ പദ്ധതി എല്ലാതരത്തിലും സ്വാഗതാർഹമായ പദ്ധതിയെന്ന് കേന്ദ്രവും സംസ്ഥാനവും കണ്ടതാണ്. 49% ഓഹരി കേന്ദ്രവും 51% ഓഹരി സംസ്ഥാനവും എടുത്തുകൊണ്ട് കമ്പനി രൂപീകരിച്ചു. അരലക്ഷത്തോളം പേർക്ക് നേരിട്ടും അല്ലാതെയും തൊഴിൽ നൽകാനാവും. തൊഴിൽ സാധ്യത നോക്കിയാലും വലിയ പദ്ധതിയാണ്. ഇതിനെല്ലാം തുകകൾ വകയിരുത്തിയിട്ടുണ്ട്.
ഭൂമി ഏറ്റെടുക്കുമ്പോ സ്വാഭാവികമായി പ്രയാസമുണ്ടാകാറുണ്ട്. ഭാവി കണക്കാക്കിയുള്ള പദ്ധതിയാണിത്. നാല് മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസർകോടെത്താം. ഇപ്പോൾ 12 മണിക്കൂറിലധികം വേണം. നാടിന്റെ മുഖച്ഛായ തന്നെ മാറും. അത് നടപ്പാക്കുമ്പോൾ എടുക്കുന്ന ഭൂമിക്ക് വേണ്ടി വകയിരുത്തിയത് 7025 കോടി രൂപയാണ്. കെട്ടിടങ്ങൾക്കും നഷ്ടപരിഹാരം നൽകും. 4460 കോടി അതിനായും നീക്കിവെച്ചു. പുനരധിവാസത്തിന് 1730 കോടി രൂപയും നീക്കിവെച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കോൺഗ്രസും മുസ്ലിം ലീഗും ബിജെപിയും ജമാ അത്തെ ഇസ്ലാമിയും എല്ലാം ഒരേ സ്വരത്തിൽ കേരളത്തിന്റെ വികസനത്തിനെതിരെ സംസാരിക്കുന്നു. എല്ലാം എതിർക്കുക എന്ന നിലപാടാണ് ചിലർക്ക്. അടിസ്ഥാന സൗകര്യ വികസനം പ്രധാനമാണ്. തടസ്സമായി വരുന്നത് വിഭവ ശേഷിയാണ്. പല പദ്ധതികളും ഉപേക്ഷിക്കേണ്ടി വരാറുണ്ട്. അതിന് ബജറ്റിന് പുറത്ത് പണം കണ്ടെത്താനുള്ള ശ്രമമാണ് കിഫ്ബി. 50000 കോടി രൂപയുടെ പദ്ധതി കിഫ്ബി വഴി നടപ്പാക്കാൻ ശ്രമിച്ചു. 50000 കോടിക്ക് പകരം 60000 കോടി രൂപയുടെ രൂപരേഖ തയ്യാറാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.