ചെന്നൈ: തമിഴ്‌നാട്ടിൽ ഇന്ന് മുതൽ മഴ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തിൻ്റെ തെക്കൻ ജില്ലകളായ കന്യാകുമാരി, തൂത്തുക്കുടി, നാഗപട്ടണം, രാമനാഥപുരം തുടങ്ങിയ ജില്ലകളിലും പുതുച്ചേരി, കാരയ്ക്കാൽ മേഖലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും. ചെന്നൈയിൽ മിതമായ മഴയുണ്ടാകും.
എന്നാൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴ കാരണം വെല്ലൂർ, തിരുച്ചി, കാഞ്ചീപുരം, ചെങ്കൽപേട്ട്, വിഴിപ്പുരം തുടങ്ങിയ ജില്ലകളിൽ പ്രളയം തുടരുന്നുണ്ട്.
ചെന്നൈയിൽ വെള്ളക്കെട്ടും രൂക്ഷമാണ്. ശക്തമായ മഴയ്‌ക്കൊപ്പം വിവിധ അണക്കെട്ടുകൾ തുറന്നതുമാണ് വെള്ളക്കെട്ടിന് കാരണമായത്. ആയിരക്കണക്കിന് ആളുകൾ ഇപ്പോഴും ദുരിതാശ്വാസ ക്യാംപുകളിൽ തന്നെ തുടരുകയാണ്. ആന്ധ്രാപ്രദേശിലെ കടപ്പ, ചിറ്റൂർ, നെല്ലൂർ, പ്രകാശം ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴ തുടരുന്നുണ്ട്. ഇവിടങ്ങളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.