ദുബായ്: യു.എ.ഇയുടെ സുവര്‍ണജൂബിലി ദേശീയദിനം പ്രമാണിച്ച് അബൂദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു.ദര്‍ബ് ടോളിലും വാഹനങ്ങള്‍ക്ക് സൗജന്യമായി കടന്നുപോകാവുന്നതാണെന്ന് അബൂദബി മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പ് അറിയിച്ചു.
ഡിസംബര്‍ ഒന്ന് ബുധനാഴ്ച പുലര്‍ച്ചെ 12 മുതല്‍ ശനിയാഴ്ച രാവിലെ 7.59വരെ മഫാഖിഫിന് കീഴിലുള്ള പാര്‍ക്കിങ് ബേകളിലും ഫീസ് സൗജന്യമായിരിക്കുമെന്ന് ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ പ്രസ്താവനയില്‍ പറഞ്ഞു. മുസഫ ഇന്‍ഡസ്ട്രിയല്‍ മേഖലയിലെ എം-18 പാര്‍ക്കിങ് സ്ലോട്ടിലും ഈ സമയങ്ങളില്‍ പാര്‍ക്കിങ് ഫീസ് ഉണ്ടാവുകയില്ല. അതേസമയം, നിഷ്കര്‍ഷിച്ചിട്ടില്ലാത്ത ഇടങ്ങളില്‍ പാര്‍ക്കിങ് പാടില്ല.
ദുബൈയില്‍ മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് ടെര്‍മിനലുകള്‍ ഒഴികെ പൊതു പാര്‍ക്കിങ് ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ചവരെ സൗജന്യമായിരിക്കും.ബുധനാഴ്ച രാവിലെ മുതലാണ് ദര്‍ബ് ടോളില്‍ വാഹനങ്ങള്‍ക്ക് സൗജന്യയാത്ര അനുവദിച്ചിരിക്കുന്നത്. ഷാര്‍ജയില്‍ ചില മേഖലകള്‍ ഒഴിച്ച് ബാക്കിയിടങ്ങളില്‍ പാര്‍ക്കിങ് സൗജന്യമായിരിക്കും. ഡിസംബര്‍ ഒന്ന്, രണ്ട് ദിവസങ്ങളിലായിരിക്കും ആനുകൂല്യം. അല്‍ മജാസ്, കോര്‍ണീഷ് റോഡ്, സെന്ട്രല്സൂക്, പക്ഷിമാര്ക്കറ്റ്, ബാങ്ക് സ്ട്രീറ്റ് തുടങ്ങിയ ഇടങ്ങളില്‍ പാര്‍ക്കിങ് സൗജന്യമായിരിക്കില്ല.