തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാർ മന്ത്രിക്ക് നേരിട്ട് നിവേദനമോ പരാതിയോ നൽകിയാൽ അവർക്കെതിരെ കർശന അച്ചടക്ക നടപടി. നേരിട്ട് പരാതി നൽകുന്നത് ചട്ട വിരുദ്ധമാണെന്ന് വ്യക്തമാക്കി പൊതുമരാമത്ത് ഭരണവിഭാഗം ചീഫ് എൻജനീയർ സർക്കുലർ പുറത്തിറക്കി. നേരിട്ട് നിവേദനവും പരാതിയും നൽകുന്നത് കർശനമായി നിയന്ത്രിക്കണമെന്ന മന്ത്രി ഓഫീസിൻ്റെ നിർദ്ദേശം കൂടി കണക്കിലെടുത്താണ് നടപടിയെന്നും ഇതിൽ വ്യക്തമാക്കുന്നു.
പി എ മുഹമ്മദ് റിയാസ് പൊതുമരാമത്ത് മന്ത്രിയായി ചുമതലയേറ്റശേഷം ജീവനക്കാരിൽ നിന്നും നിരവധി നിവേദനങ്ങളും പരാതികളും ലഭിച്ചിരുന്നു. മേലധികാരികളുടെ പെരുമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളാണ് പരാതികളിൽ പലപ്പോഴുമുള്ളത്. ഇങ്ങനെ പരാതികളും നിവേദനങ്ങളും നൽകുന്നത് ചട്ടവിരുദ്ധമാണെന്ന് പൊതുമരാമത്ത് വകുപ്പിലെ ഭരണവിഭാഗം ചീഫ് എഞ്ചിനീയർ പുറപ്പെടുവിച്ച സർക്കുലറിൽ വ്യക്തമാക്കുന്നു.
ഇങ്ങനെ പരാതി നൽകുന്നത് ഉചിതമായ മാർഗമല്ല. മാത്രമല്ല ഇക്കാര്യം കർശനമായി നിയന്ത്രിക്കണമെന്ന് പൊതുമാരമത്ത് മന്ത്രിയുടെ ഓഫിസ് നിർദ്ദേശിച്ചിട്ടുണ്ടെന്നും സർക്കുലറിൽ പറയുന്നു. ഈ സാഹചര്യത്തിൽ വകുപ്പിലെ എല്ലാ ജീവനക്കാരും അപേക്ഷകളും നിവേദനങ്ങളും മേലധികാരികൾ മുഖേന മാത്രമേ സമർപ്പിക്കാൻ പാടുള്ളൂവെന്നും കർശനമായി നിർദ്ദേശിക്കുന്നു. ഇക്കാര്യം എല്ലാ നിയന്ത്രണ അധികാരികളും ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തണം. ഇതിനു വിരുദ്ധമായി മന്ത്രിക്ക് നേരിട്ട് നിവേദനങ്ങളും പരാതികളും നൽകിയാൽ കർശനമായ അച്ചടക്കനടപടിയെടുക്കുമെന്നുമാണ് സർക്കുലറിലെ മുന്നറിയിപ്പ്.