തിരുവനന്തപുരം;സംസ്ഥാനത്ത് മഴ തുടരും. ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകളം എന്നീ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 60 കിലോ മീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത(gusty wind) ഉണ്ട്. മറ്റ് ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത ഉണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം തെക്ക് കിഴക്കൻ അറബികടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതാണ് മഴയ്ക്ക് കാരണം. വരും മണിക്കൂറുകളിൽ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂന മർദ്ദം രൂപപ്പെടും. പിന്നീടിത് തീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിച്ച് ആന്ധ്ര തീരത്ത് കരയിൽ പ്രവേശിക്കുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ കേരളാ തീരത്ത് മീൻ പിടിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.ഇതിനിടെ മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടിയായി. സ്പിൽവേയിലെ നാലു ഷട്ടറുകൾ തമിഴ്നാട് തുറന്നു. 2100 ഘനയടി വെള്ളം തുറന്നു വിട്ടിട്ടുണ്ട്നിലവിൽ ഏഴ് ഷട്ടറുകൾ തുറന്നിട്ടുണ്ട്.