ന്യൂയോർക്ക്: ട്വിറ്റർ സഹസ്ഥാപകൻ ജാക്ക് ഡോർസി കമ്പനിയിൽ നിന്ന് രാജിവച്ചു. കമ്പനി സിഇഒ സ്ഥാനവും ബോർഡ് ചെയർമാൻ സ്ഥാനവും ഒഴിഞ്ഞതായി 45കാരനായ ജാക്ക് ട്വീറ്റ് ചെയ്തു. ഇന്ത്യൻ വംശജനായ പരാഗ് അഗർവാൾ പുതിയ സിഇഒ ആകും. ബ്രെറ്റ് ടെയ്ലർ കമ്പനിയുടെ ബോർഡ് ചെയർമാനാകും.
16 വർഷം കമ്പനിക്ക് വേണ്ടി സഹസ്ഥാപകനായും സിഇഒ ആയും എക്‌സിക്യൂട്ടീവ് ചെയർമാൻ, ഇടക്കാല സിഇഒ തുടങ്ങിയ പദവികളിലും പ്രവർത്തിച്ചു കഴിഞ്ഞെന്നും താൻ രാജിവെക്കാൻ പോകുകയാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ട്വിറ്റർ അതിന്റെ സ്ഥാപകരുടെ സ്വാധീനത്തിൽ നിന്ന് പൂർണ്ണമായും പുറത്ത് കടക്കാൻ തയ്യാറായെന്നാണ് ജാക്കിന്റെ വിശദീകരണം. നാൽപ്പത്തിയഞ്ചുകാരനായ ജാക്ക് ഡോർസി സ്ഥാനമൊഴിയണമെന്ന് ട്വിറ്റർ ബോർഡിലെ പ്രധാന നിക്ഷേപക ഒന്നായ എലിയട്ട് മാനേജ്മെന്റ് കോർപ്പറേഷൻ ആവശ്യപ്പെട്ടിരുന്നു.
പുതിയ സിഇഒ പരാഗ് അഗർവാൾ 2011ലാണ് ട്വിറ്ററിൽ എത്തിയത്. 2017 ഒക്ടോബർ മുതൽ കമ്പനിയുടെ ചീഫ് ടെക്നിക്കൽ ഓഫീസറാണ്. ഐഐടി ബോംബേയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബി ടെക് ബിരുദം നേടിയ പരാഗ് സ്റ്റാൻഫോർഡ് സർവ്വകലാശാലയിൽ നിന്ന് പിഎച്ഡി നേടിയിട്ടുണ്ട്. പുതിയ വെല്ലുവിളികളുടെ കാലത്ത് ട്വിറ്ററിനെ നയിക്കാൻ പരാഗ് അനുയോജ്യനാണെന്നും പരാഗിൽ വിശ്വാസമുണ്ടെന്നും ജാക്ക് ഡോർസി തന്റെ വിടവാങ്ങൽ കത്തിൽ പറയുന്നു.
സോഫ്റ്റ് വെയർ എൻജിനീയറായാണ് പരാഗ് കമ്പനിയിൽ പ്രവർത്തനമാരംഭിച്ചത്. സിഇഒ ആയി നിയോഗിക്കപ്പെട്ടതിന് പിന്നാലെ എല്ലാവർക്കും നന്ദിയറിയിച്ചുകൊണ്ട് പരഗ് അഗ്രവാൾ രംഗത്തെത്തിയിട്ടുണ്ട്.