തിരുവനന്തപുരം: പാർട്ടി തീരുമാനങ്ങൾക്ക് വിരുദ്ധമായി ഗ്രൂപ്പ് യോഗം ചേർന്ന 7 പേര്‍ക്ക് കെപിസിസിയുടെ കാരണം കാണിക്കല്‍ നോട്ടീസ്.
ഡിസിസി ജനറല്‍ സെക്രട്ടറിമാരായ എം ആര്‍ ബൈജു, സുബ്രഹ്‌മണ്യന്‍ എന്നിവര്‍ക്കും യോഗത്തില്‍ പങ്കെടുത്ത പള്ളിച്ചല്‍ ഗ്രാമപഞ്ചായത്ത് മെമ്പർ പള്ളിച്ചല്‍ സതീശ്, ബ്ലോക്ക് സെക്രട്ടറിമാരായ പുന്നമൂട് ശിവകുമാര്‍, ഗോപകുമാര്‍, കണ്ടല അബുബക്കര്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയംഗം മല്ലികാദാസ് എന്നിവര്‍ക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്.
കെ.പി.സി.സി ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണനാണ് നോട്ടീസ് നൽകിയത്. ബ്ലോക്ക് സെക്രട്ടറിയുടെ വീട്ടിൽ ഗ്രൂപ്പ് യോഗം ചേർന്നതിനും അതിന് നേതൃത്വം നൽകിയ ഡിസിസി ജനറല്‍ സെക്രട്ടറിമാർക്കുമാണ് നോട്ടീസ് നൽകിയത്.
നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണം ഉണ്ടെങ്കില്‍ ഒരാഴ്ച്ചയ്ക്കകം ബോധിപ്പിക്കണമെന്ന് നോട്ടീസിൽ ആവശ്യപ്പെടുന്നു.
ഈ മാസം 21നാണ് മൂക്കുന്നി മലയില്‍ ബ്ലോക്ക് സെക്രട്ടറി ഗോപകുമാറിന്റെ വീട്ടിൽ യോഗം ചേർന്നത്.