തിരുവനന്തപുരം: കൊവിഡ് വാക്സിനെടുക്കാത്ത അധ്യാപകർക്കെതിരെ കർശന നടപടിക്കൊരുങ്ങി സംസ്ഥാന സർക്കാർ. ആരോഗ്യപ്രശ്നം ഉന്നയിച്ച് വിസമ്മതം അറിയിച്ചവർക്ക് പ്രത്യേക പരിശോധന നടത്താനാണ് നീക്കം. ഇതിനായി പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാരിനോട് ശുപാർശ ചെയ്തു.
പരിശോധനയിൽ പ്രശ്നങ്ങളില്ലെന്നു തെളിയുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്നാണ് നിർദേശം. സംസ്ഥാനത്തെ ഒന്നേമുക്കാൽ ലക്ഷം അധ്യാപക അനധ്യാപക ജീവനക്കാരിൽ അയ്യായിരത്തോളം പേർ ഇനിയും വാകിസനെടുത്തിട്ടില്ലെന്ന് കഴിഞ്ഞ ദിവസം മന്ത്രി വി.ശിവൻകുട്ടി വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തുടർനടപടികൾ.
അധ്യാപകർക്ക് വാക്സിനെടുക്കാൻ പ്രത്യേക ക്രമീകരണം ആവശ്യമെങ്കിൽ നൽകുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് നേരത്തെ അറിയിച്ചിരുന്നു.
സ്കൂള്‍ തുറന്ന് ഒരുമാസമായിട്ടും അയ്യായിരത്തോളം അധ്യാപകര്‍ ഇനിയും കോവിഡ് വാക്സിനെടുത്തിട്ടില്ല. സ്കൂള്‍ തുറക്കുംമുമ്പ് അധ്യാപകര്‍ വാക്സിനെടുക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഒരുവിഭാഗം ഇതിന് തയ്യാറായിട്ടില്ല. അരോഗ്യപ്രശ്നങ്ങളുടെ പേരിലും വിശ്വാസത്തിന്റെ പേരിലുമാണ് ഈ വിമുഖത. ഇതോടെയാണ് ആരോഗ്യപ്രശ്നങ്ങള്‍മൂലം വാക്സിന് എടുക്കാന്‍ കഴിയാത്തവര്‍ അക്കാര്യം ശാസ്ത്രീയമായി ബോധ്യപ്പെടുത്തണമെന്ന് സർക്കാർ നിലപാടെടുത്തത്.