തിരുവനന്തപുരം; രാജ്യസഭാ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണിക്ക് വിജയം. യുഡിഎഫ് സ്ഥാനാര്‍ത്ഥി ശൂരനാട് രാജശേഖരനെ പരാജയപ്പെടുത്തിയാണ് ജോസ് കെ മാണി വിജയിച്ചത്. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അനുകൂലമായ ഒരു വോട്ട് അസാധുവായി. ജോസ് കെ മാണിക്ക് 96 വോട്ടും ശൂരനാട് രാജശേഖരന് 40 വോട്ടും ലഭിച്ചു.രാവിലെ 9ന് ആരംഭിച്ച വോട്ടെടുപ്പ് നാല് മണിയോടെ അവസാനിച്ചു
യു.ഡി.എഫിന് 41 എം.എൽ.എമാരുടെ പിന്തുണയുണ്ടെങ്കിലും പി.ടി തോമസ് ചികിത്സയില്‍ കഴിയുന്നതിനാല്‍ വോട്ട് ചെയ്യാനെത്തിയില്ല. അതേസമയം, കോവിഡ് ബാധിതനായിരുന്ന മാണി സി. കാപ്പന്‍ പി.പി.ഇ കിറ്റ് ധരിച്ച് വൈകിട്ട് വോട്ടുചെയ്യാനെത്തിയിരുന്നു.
കേരള കോൺഗ്രസ് എം ചെയർമാനായിരുന്ന ജോസ് കെ മാണി രാജിവെച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കേരള കോൺഗ്രസ് എം യുഡിഎഫ് വിട്ട് എൽ ഡി എഫിൽ എത്തിയതോടെ ജനുവരി 11 നാണ് ജോസ് കെ മാണി രാജ്യസഭാ എംപി സ്ഥാനം രാജിവച്ചത്. മുന്നണിയിലേക്ക് വരുമ്പോഴുള്ള രാജ്യസഭാ സീറ്റ് ആ പാര്‍ട്ടിക്ക് തന്നെ നല്‍കുന്ന രീതി വച്ചാണ് സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് തന്നെ നല്‍കിയത്.