മലയാള സിനിമാ പ്രേമികളുടെ പ്രിയതാരമാണ് കുഞ്ചാക്കോ ബോബൻ(Kunchacko Boban). അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ എത്തി ചോക്ക്‌ളേറ്റ് ഹീറോ ആയിമാറിയ താരം തന്റെ അഭിനയ ജീവിതം തുടർന്നു കൊണ്ടിരിക്കയാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തന്റെ കുഞ്ഞ് കുഞ്ഞ് വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ താരം പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
കുഞ്ചാക്കോയുടെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായി നിറത്തിലെ ഗാനം ഓടക്കുഴലിൽ വായിക്കുന്ന ഡ്രൈവറുടെ വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. ചാക്കോച്ചനും ശാലിനിയും തകർത്തഭിനയിച്ച ‘മിഴിയറിയാതെ വന്നു നീ..’ എന്ന് തുടങ്ങുന്ന ഗാനമാണ് സുനിൽ എന്ന ഡ്രൈവർ വായിച്ചത്. അജയ് വാസുദേവ് ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ളതാണ് വീഡിയോ.
‘വാക്കുകൾക്ക് വിവരിക്കാവുന്നതിലും അപ്പുറമായിരുന്നു ആ വികാരം…’ എന്ന കുറിപ്പോടെയാണ് ചാക്കോച്ചൻ വീഡിയോ പങ്കുവച്ചത്. ഒപ്പം ചാക്കോച്ചന്റെ മകൻ ഇസ്ഹാക്കും കേൾവിക്കാരായി ഉണ്ട്. വീഡിയോ പങ്കുവച്ചതിന് പിന്നാലെ ഡ്രൈവറെയും നടനെയും അഭിനന്ദിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്.
സൗഹൃദവും പ്രണയവും വിഷയമായി, കുഞ്ചാക്കോ ബോബൻ, ശാലിനി ജോഡികൾ അഭിനയിച്ച മലയാള ചിത്രമാണ് നിറം. കമൽ സംവിധാനം ചെയ്ത് 1999-ൽ പുറത്തിറങ്ങിയ ഈ ചിത്രം ആ വർഷത്തെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നായിരുന്നു. ഇഖ്‌ബാൽ കുറ്റിപ്പുറത്തിന്റെ കഥയ്ക്ക് ശത്രുഘ്നനാണ് തിരക്കഥ രചിച്ചിരിക്കുന്നത്. വിദ്യാസാഗർ ഈണമിട്ട മനോഹരമായ ഗാനങ്ങൾ ഇന്നും മലയാളികളികൾക്ക് പ്രിയപ്പെട്ടവയാണ്.
https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2FKunchackoBoban%2Fvideos%2F1196322160777075%2F&show_text=false&width=268&t=0