തിരുവനന്തപുരം: ആറ്റിങ്ങലില്‍ പിങ്ക് പോലീസ് ഉദ്യോഗസ്ഥ കുട്ടിയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് ഹൈക്കോടതി. ക്ഷമാപണം നടത്താന്‍ ഉദ്യോഗസ്ഥ തയാറാകാത്തത് സങ്കടകരമാണ്. കാക്കിയുടെ അഹങ്കാരമാണ് ഉദ്യോഗസ്ഥ കാട്ടിയതെന്നും നീതീകരിക്കാനാവില്ലെന്നും ഹൈക്കോടതി.
സംഭവം മകള്‍ ഉള്ള ഒരച്ഛനും സഹിക്കാനാകില്ല. കേസില്‍ ഉദ്യോഗസ്ഥയെ സ്ഥലംമാറ്റിയത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി പോലീസിന് നിര്‍ദേശം നല്‍കി. കുട്ടിയുടെ മാനസികാവസ്ഥ സംബന്ധിച്ച വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു.
കേസ് പരിഗണിച്ചുതുടങ്ങിയ ഘട്ടത്തില്‍ തന്നെ രൂക്ഷ വിമര്‍ശനമാണ് കോടതിയുടെ ഭാഗത്തുനിന്നുമുണ്ടായത്. മൊബൈല്‍ ഫോണ്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ടത് പോലീസ് ഉദ്യോസ്ഥയുടെ ചുമതലയാണെന്നും അതിന് എന്തിനാണ് കുട്ടിയെ ചോദ്യം ചെയ്‌തെന്നും കോടതി ചോദിച്ചു. പോലീസ് ഉദ്യോഗസ്ഥയെ സ്ഥലംമാറ്റിയെന്ന സര്‍ക്കാര്‍ അഭിഭാഷകൻ്റെ മറുപടിക്ക് സ്ഥലംമാറ്റം ഒരു ശിക്ഷയാണോ എന്നായിരുന്നു കോടതിയുടെ മറുചോദ്യം. കേസുമായി ബന്ധപ്പെട്ട് ഡിസംബര്‍ ഏഴിനുമുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
പോലീസ് ഉദ്യോഗസ്ഥ മാപ്പുപറഞ്ഞെങ്കില്‍ ആ പ്രശ്‌നം തീരുമായിരുന്നു. അതിന് തയ്യാറാകാത്തതാണ് കാക്കിയുടെ പ്രശ്‌നം. പോലീസുകാര്‍ക്കെതിരെ സംസാരിച്ചാല്‍ കള്ളക്കേസില്‍ കുടുക്കുന്ന രീതി കാക്കിയുടെ അഹന്തയാണെന്നും കോടതി കുറ്റപ്പെടുത്തി.
ഓഗസ്റ്റ് 27നാണ് മോഷണക്കുറ്റം ആരോപിച്ച് തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനെയും മകളെയും പിങ്ക് പോലീസ് ഉദ്യോഗസ്ഥ രജിത പരസ്യമായി നടുറോട്ടിൽ ചോദ്യം ചെയ്തത്. മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്നായിരുന്നു ആരോപണം. എന്നാൽ ഫോൺ ഉദ്യോഗസ്ഥയുടെ ഹാന്‍റ്ബാഗിൽ തന്നെ ഉണ്ടെന്ന് പിന്നീട് കണ്ടെത്തി.
പോലീസ് വാഹനത്തിലെ ബാഗിൽ നിന്നും മൊബൈൽ കിട്ടിയിട്ടും നാട്ടുകാരുടെ മുന്നിൽ രജിത സ്വന്തം നിലപാട് ന്യായീകരിക്കുകയാണ് ചെയ്തത്. ഇല്ലാത്ത മോഷണത്തിൻ്റെ പേരിൽ പരസ്യവിചാരണ നടത്തിയ പോലീസ് ഉദ്യോഗസ്ഥയെ കൊല്ലത്തേക്ക് സ്ഥലം മാറ്റി നടപടികൾ അവസാനിപ്പിച്ചു. സ്ഥലം മാറ്റത്തിലൂടെ ഇവരെ രക്ഷിക്കാനാണ് പോലീസിൻ്റെ ശ്രമമെന്നും കുടുംബം പറഞ്ഞു.