തിരുവനന്തപുരം: ഒമിക്രോണിനെതിരെ അതിജാഗ്രതയില്‍ സംസ്ഥാനവും. ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് 14 ദിവസം കര്‍ശന നിരീക്ഷണം ഏർപ്പെടുത്തി. എട്ടാം ദിവസം പരിശോധന നടത്തുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. അധ്യാപകര്‍ക്ക് വാക്സീനെടുക്കാന്‍ പ്രത്യേക ക്രമീകരണം നടത്തുമെന്നും വീണാ ജോർജ് പറഞ്ഞു.
നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. സംസ്ഥാനത്തിനകത്ത് ആര്‍ക്കെങ്കിലും വകഭേദം ബാധിച്ചിട്ടുണ്ടോ എന്നതിനെ സംബന്ധിച്ച് പരിശോധന നടത്തി വരികയാണ്. നിലവില്‍ ഇതുമായി ബന്ധപ്പെട്ട് ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയ ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ നിര്‍ബന്ധമായി വിമാനത്താവളങ്ങളില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയമാകണം. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനകം ആര്‍ടിപിസിആര്‍ പരിശോധന നടത്തേണ്ടതുമാണ്. നാട്ടില്‍ എത്തിയ ശേഷം ആദ്യ ഏഴുദിവസം നിര്‍ബന്ധമായി ക്വാറന്റൈനില്‍ തുടരണം. എട്ടാം ദിവസം വീണ്ടും പരിശോധന നടത്തണം. തുടര്‍ന്ന് ഏഴുദിവസം കൂടി ക്വാറന്റൈനില്‍ തുടരേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
ഒമിക്രോണ്‍ വകഭേദവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. മറ്റു രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ ഏഴുദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയേണ്ടതാണെന്നും വീണാ ജോര്‍ജ് പറഞ്ഞു. ഇത്തരത്തില്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് വരുന്നവരില്‍ അഞ്ചുശതമാനം ആളുകളെ റാന്‍ഡം സാമ്പിളിങ്ങിന് വിധേയമാക്കുമെന്നും മന്ത്രി അറിയിച്ചു.
കോവിഡ് ലക്ഷണങ്ങള്‍ കണ്ടാല്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റണമെന്നാണ് കേന്ദ്രം നിര്‍ദേശിച്ചത്. അതനുസരിച്ചുള്ള നടപടികള്‍ കേരളത്തില്‍ സ്വീകരിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ പരിശോധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ആരോഗ്യപ്രവര്‍ത്തകരെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.