മലയാളികളുടെ പ്രിയതാരമാണ് ദുൽഖർ സൽമാൻ(dulquer salmaan). സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ വന്ന് ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമാസ്വാദകരുടെ മനസ്സിൽ ഇടംനേടാൻ താരത്തിന് സാധിച്ചു. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവച്ച് പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
ഹിമാചൽ പ്രാദേശിൽ നിന്നുള്ള ചിത്രങ്ങളാണ് ദുൽഖർ പങ്കുവച്ചത്. ഹിമാചൽ പ്രദേശിലെ കാഴ്ചകളും അവിടെയുള്ള ആളുകളുടെ ഒപ്പമുള്ള ചിത്രങ്ങളുമാണ് താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ചിത്രങ്ങൾ കണ്ട് താൻ ദുഃഖത്തിലോ വിഷാദത്തിലാണെന്ന് കരുതിയെങ്കിൽ അങ്ങനെയല്ല എന്ന കുറിപ്പോടെയാണ് ദുൽഖർ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഹിമാചൽ പ്രദേശിലെ കാസയിലെ സ്പിറ്റി വാലിയിലൂടെ കാറോടിക്കുന്ന വീഡിയോ ദുൽഖർ പങ്കുവെച്ചിരുന്നു.
അതേസമയം, കുറുപ്പ് എന്ന ചിത്രമാണ് ദുൽഖറിന്റേതായി തിയറ്ററുകളിൽ എത്തിയ അവസാന ചിത്രം. നവംബർ 11ന് റീൽസ് സിനിമാസിലായിരുന്നു ചിത്രത്തിന്റെ റിലീസ്. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിൻറെ കഥയെ ആസ്പദമാക്കിയാണ് ശ്രീനാഥ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇന്ദ്രജിത്ത്, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ് നിർമാണം. ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്.