ന്യൂഡൽഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാനുള്ള ബില്‍ ലോക്സഭ പാസാക്കി. ഒറ്റവരി ബില്ലാണ് കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ അവതരിപ്പിച്ചത്. ബില്‍ കൃഷിമന്ത്രി അവതരിപ്പിച്ചത് പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടെയാണ്. ബില്ലിന്മേല് ചര്‍ച്ചവേണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കര്‍ തള്ളിയിരുന്നു.
സഭാ നടപടികള്‍ സാധാരണനിലയിലാകാതെ ചര്‍ച്ച ഇല്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. എതിര്‍പ്പുകള്‍ക്കിടെ ബില്‍ പാസാക്കിയത് ശബ്ദ വോട്ടോടെയാണ്. ലോക്സഭ രണ്ടു മണിവരെ നിര്‍ത്തിവച്ചു, ബില്‍ ഇന്നുതന്നെ രാജ്യസഭയും പരിഗണിച്ചേക്കും. പാർലമെന്റിന്റെ ശീതകാലസമ്മേളനത്തിൻ്റെ ആദ്യദിനമായ ഇന്നാണ് ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്.
അതേസമയം, മുട്ടുമടക്കേണ്ടി വന്ന നിർബന്ധിതാവസ്ഥ പ്രതിഫലിപ്പിക്കുന്നതാണ് പുതിയ ബില്ലിലെ വാക്കുകൾ. മൂന്നു കാർഷിക നിയമങ്ങൾക്കുമെതിരെ രാജ്യത്തെ കർഷകരിൽ ചെറിയൊരു വിഭാഗമാണ് പ്രതിഷേധിച്ചതെന്ന് ബിൽ വിശദീകരിച്ചു. എന്നാൽ എല്ലാവരെയും ഉൾക്കൊണ്ടു മുന്നോട്ടു പോകുന്നതിന് ഇപ്പോഴത്തെ ആവശ്യം ബിൽ പിൻവലിക്കുകയാണ്.
നാമമാത്ര, ചെറുകിടക്കാർ അടക്കം കർഷകരുടെ സാഹചര്യങ്ങൾ മെച്ചപ്പെടുത്താനാണ് നേരത്തെ മൂന്നു നിയമങ്ങൾ കൊണ്ടുവന്നതെന്ന് പിൻവലിക്കൽ ബില്ലിൽ സർക്കാർ വിശദീകരിക്കുന്നുണ്ട്. ഉയർന്ന വിലയ്ക്ക് വിളകൾ വിൽക്കുന്നതിന് കർഷകരെ സഹായിക്കാനും സാങ്കേതികവിദ്യയുടെ നേട്ടം ലഭ്യമാക്കാനും കാർഷിക ചന്തകളുമായി കൂടുതൽ അടുപ്പിക്കാനും അതുവഴി ഉയർന്ന വരുമാനം ലഭ്യമാക്കാനുമാണ് ശ്രമിച്ചതെന്നും ബില്ലിൽ പറഞ്ഞു.
സർക്കാറിൻ്റെ വീഴ്ച തുറന്നുകാട്ടാൻ പ്രതിപക്ഷം ബില്ലിൻമേൽ ചർച്ച അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അനുമതി നിഷേധിച്ചു. നേരത്തെതന്നെ പാർട്ടിയുടെ എല്ലാ എം.പിമാരും സഭയിൽ ഹാജരായിരിക്കണമെന്ന് ബിജെപിയും പ്രധാന പ്രതിപക്ഷമായ കോൺഗ്രസും വിപ്പ് നൽകിയിരുന്നു.
കാർഷികോൽപന്ന വ്യാപാര വാണിജ്യ പ്രോത്സാഹന സേവന നിയമം, വില സ്ഥിരത കർഷക സേവന കർഷക ശാക്തീകരണ സംരക്ഷണ കരാർ നിയമം, അവശ്യസാധന ഭേദഗതി നിയമം എന്നിവയാണ് ഒരു വർഷം നീണ്ട കർഷകരുടെ ശക്തമായ ചെറുത്തു നിൽപിനെ തുടർന്ന് പിൻവലിച്ചത്.
നിയമം പിൻവലിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചെങ്കിലും മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ ഉറപ്പു കിട്ടാതെ പിന്മാറ്റമില്ലെന്ന് വ്യക്തമാക്കി കർഷക സംഘടനകൾ സമരരംഗത്തു തന്നെ തുടരുകയാണ്. മൂന്നു കർഷക വിരുദ്ധ നിയമങ്ങളും പിൻവലിക്കാനുള്ള ബിൽ പാർലമെൻറിൽ അവതരിപ്പിക്കുന്ന സാഹചര്യത്തിൽ ഇന്ന് പാർലമെൻറിലേക്ക് നടത്താനിരുന്ന ട്രാക്ടർ മാർച്ച് കർഷക സമരസംഘടനകൾ വേണ്ടെന്നു വെച്ചിരുന്നു.