അഗളി: അട്ടപ്പാടിയിലെ ആദിവാസിഊരുകളില്‍ 200ഓളം പേര്‍ക്ക് അരിവാള്‍ രോഗമുണ്ടെന്ന് ആരോഗ്യവകുപ്പിൻറെ റിപ്പോര്‍ട്ട്.രണ്ടായിരത്തോളം പേര് ഏത് സമയവും രോഗം ബാധിക്കാവുന്ന അവസ്ഥയിലാണ്. അട്ടപ്പാടിയിലെ ആദിവാസികളില്‍ 80 ശതമാനവും പോഷകാഹാരക്കുറവ് മൂലം അനീമിയ ബാധിതരാണെന്നും റിപ്പോര്‍ട്ട് പറയുന്നു. അനീമിയ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതാണ് ശിശുമരണങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം.
അനീമിയ രോഗത്തിനെതിരെ വ്യാപക ബോധവത്കരണം ഉള്‍പ്പെടെ ബഹുതല പ്രവര്‍ത്തനം അനിവാര്യമാണ്. ഈ രോഗത്തിന് ലോകത്തെവിടെയും മരുന്ന് കണ്ടുപിടിക്കാത്തതിനാല്‍ ബോധവത്കരണത്തിലൂടെ മാത്രമെ പ്രതിരോധിക്കാന്‍ കഴിയൂവെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. കുട്ടികള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കണം. പ്രശ്നത്തിെന്റ ഗൗരവം പരിഗണിച്ച് സംസ്ഥാന ആരോഗ്യവകുപ്പിലെ വിദഗ്ധര്‍ അടുത്തദിവസം അട്ടപ്പാടിയിലെത്തും.
അട്ടപ്പാടിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ നോഡല്‍ ഓഫിസറെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പ്രശ്നങ്ങള്‍ നിരീക്ഷിക്കാന്‍ മോണിറ്ററിങ് സമിതി രൂപവത്കരിക്കും.അതേസമയം, അട്ടപ്പാടിയില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ആദിവാസികള്‍ക്കായി വകയിരുത്തിയ ഫണ്ടുകള്‍ വലിയ അളവില്‍ വകമാറ്റി ചെലവഴിച്ചതായി ആരോപണമുയര്‍ന്നു. തദ്ദേശഭരണ സ്ഥാപനങ്ങള്‍ ആദിവാസികള്‍ക്ക് അനുവദിച്ച ഫണ്ടുകളാണ് വക മാറ്റിയത്.
192 ഊരുകളില്‍ പ്രവര്‍ത്തിച്ചിരുന്ന സാമൂഹിക അടുക്കള നിലവില്‍ പ്രവര്‍ത്തിക്കുന്നത് 110 ഊരുകളില്‍ മാത്രമാണ്. ഭക്ഷണം പാചകം ചെയ്യാനായുണ്ടാക്കിയ താല്‍ക്കാലിക ഷെഡുകള്‍ മഴയില്‍ നശിച്ചുപോയെന്നാണ് അധികൃതര്‍ പറയുന്നത്. ഗുണഭോക്താക്കളായ ആദിവാസി വിഭാഗക്കാര്‍ പദ്ധതി മുടങ്ങിയതിനാല്‍ പട്ടിണിയിലായി. അംഗന്‍വാടികളില്‍ നടത്തുന്ന പോഷകാഹാര വിതരണവും ഏറെ നാളുകള്‍ തടസ്സപ്പെട്ടു.