ലണ്ടൻ: യുകെയിൽ ഒമിക്രോൺ വകദഭദത്തിന്‍റെ മൂന്നാമത്തെ കേസ് റിപ്പോർട്ട് ചെയ്തതായി ആരോഗ്യ സുരക്ഷ ഏജൻസി. ദക്ഷിണാഫ്രിക്കയിൽനിന്ന് എത്തിയ വ്യക്തിക്കാണ് രോഗം. എന്നാൽ രോഗബാധിതൻ ഇപ്പോൾ യുകെയിൽ ഇല്ലെന്നും അവർ അറിയിച്ചു. ആദ്യം രോഗം സ്ഥിരീകരിച്ച രണ്ടുപേരും ദക്ഷിണാഫ്രിക്കയിൽനിന്ന് എത്തിയവരായിരുന്നു.
അതേസമയം, രോഗബാധിതൻ രാജ്യം വിടുന്നതിന് മുമ്പ് മധ്യലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ പ്രദേശത്ത് സമയം ചിലവഴിച്ചതായി കണ്ടെത്തി. ഒമിക്രോണിന്‍റെ കൂടുതൽ കേസുകൾ വരും ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തേക്കാമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ രോഗിയുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനും ശ്രമം ആരംഭിച്ചു.
ചൊവ്വാഴ്ച മുതൽ യുകെ സർക്കാർ പൊതു സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കിയതിന് പിന്നാലെയാണ് മൂന്നാമത്തെ കേസും സ്ഥിരീകരിച്ചത്. വിദേശരാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് പി സി ആർ പരിശോധന എത്രയും നിർബന്ധമാക്കണമെന്നും ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. സ്കോട്ട്ലന്റ്, വെയിൽസ്, നോർത്തേൺ അയർലന്‍റ്, എന്നിവിടങ്ങളിൽ നേരത്തേതന്നെ പൊതു സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കിയിരുന്നു.
കൊറോണ വൈറസിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ ദക്ഷിണാഫ്രിക്കയിലാണ് ആദ്യം കണ്ടെത്തിയത്. പുതിയ വൈറസിന്‍റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഡെൽറ്റ വകഭേദത്തേക്കാൾ അതിവേഗം പടരുന്നതാണോ കൂടുതൽ മാരകമാണോ എന്നും സ്ഥിരീകരിച്ചിട്ടില്ല.