തിരുവനന്തപുരം; തിരുവനന്തപുരത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടമുണ്ടായി. നെടുമങ്ങാട് 25 ഓളം വീടുകളിൽ വെള്ളം കയറി. കത്തിപ്പാറ തോടിനു കുറുകെയുള്ള പാലം ഒഴുകിപ്പോയി. നദികളിലെ ജലനിരപ്പും ഉയരുകയാണ്. തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലകളില്‍ ഇന്നലെ ഉച്ചയോടെ ആരംഭിച്ച മഴയാണ് വ്യാപക നാശം വിതച്ചത്. വെള്ളറട കുടപ്പനമൂട് ജംഗ്ഷന് സമീപം റോഡ് വെള്ളത്തിൽ മുങ്ങി ഗതാഗതം തടസപ്പെട്ടു. നെല്ലിക്കാമലയില്‍ കനത്ത മഴയില്‍ നിരവധി വീടുകള്‍ വെള്ളത്തിനടിയിലായി.
വാമനപുരം, നെയ്യാർ നദികളിൽ ജലനിരപ്പുയർന്നു. തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിതുര പൊന്നാം ചുണ്ട് പാലത്തിലും, സൂര്യകാന്തി പാലത്തിലും വെള്ളം കയറി. ആറ്റിങ്ങൽ സ്വകാര്യ ബസ്റ്റാൻഡ് പരിസരത്തെ റോഡിൽ വെള്ളം കയറി. ഇവിടെ ശക്തമായ ഒഴുക്കുമുണ്ട്. ഇരുചക്രവാഹന ഗതാഗതം തടസ്സപ്പെട്ട അവസ്ഥയാണ്. ഒഴിമലയ്ക്കൽ പഞ്ചായത്തിലെ കാറനാട് മണ്ണിടിഞ്ഞ് വീണ് വീട് തകർന്നു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. ജലനിരപ്പ് ഉയര്‍ന്നതോടെ അരുവിക്കര,ഡാമിന്‍റെ ഷട്ടർ ഉയർത്തി. നെയ്യാർ ഡാമിന്‍റെ ഷട്ടർ ഇന്ന് കൂടുതല്‍ ഉയർത്തും.