നെടുമ്പാശേരി: കോവിഡ് പ്രതിസന്ധിയെ തുടർന്ന് നിർത്തിവച്ച സിംഗപ്പൂർ എയർലൈൻസിന്റെ സർവീസുകൾ നവംബർ 30ന് പുനരാരംഭിക്കും. ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിൽ ആഴ്ചയിൽ മൂന്നു സർവീസുകളാണ് നടത്തുക.
രാത്രി 10.15ന് സിംഗപ്പൂരിൽ നിന്നെത്തുന്ന വിമാനം 11.05ന് മടങ്ങും. ലോകത്തെ പ്രധാനപ്പെട്ട അന്താരാഷ്ട്ര ഹബുകളിൽ നിന്ന് നെടുമ്പാശേരിയിലേക്കുള്ള വിമാന സർവീസുകൾ പുനഃസ്ഥാപിക്കുന്നതിന് സിയാൽ ഡയറക്ടർ ബോർഡ് സജീവമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു.
സിംഗപ്പൂരിൽ നിന്ന് എത്തുന്നവർ വിമാനത്താവളത്തിൽ ആർടിപിസിആർ പരിശോധന നടത്തണം. തുടർന്ന് എഴു ദിവസം ക്വാറന്റൈൻ നിർബന്ധമാണ്. എട്ടാം ദിവസം വീണ്ടും ആർടിപിസിആർ പരിശോധന നടത്തുകയും പോസിറ്റീവ് ആണെങ്കിൽ ക്വാറന്റൈൻ തുടരുകയും വേണം.