കൊച്ചി: കൊച്ചിയിൽ മോഡലുകള്‍ കാറപകടത്തില്‍ മരിച്ച കേസില്‍ സൈജു തങ്കച്ചന്റെ ഔഡികാർ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കാക്കനാട് ചെമ്പുമുക്കിലെ സൈജുവിന്റെ ഓഫീസിൽ നിന്നുമാണ് കാർ കണ്ടെത്തിയത്.
സൈജുവുമായി ഓഫീസിലും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. കാറിൽ നിന്നും സ്പീക്കർ, ഗ്ലാസ്, മരുന്നുകൾ എന്നിവയും പൊലീസ് കസ്റ്റഡിയിലെടുത്തു. കാറിൽ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങൾ സൈജുവിന്റെ സാന്നിധ്യത്തിൽ കെട്ടിട ഉടമക്ക് കൈമാറി. കസ്റ്റഡിയിലെടുത്ത വസ്തുക്കൾ നാളെ കോടതിയിൽ ഹാജരാക്കും.
ദുരുദ്ദേശത്തോടെ മോഡലുകളുടെ കാറിനെ സൈജു പിന്തുടര്‍ന്നു എന്ന പൊലീസിന്റെ കണ്ടെത്തലിനെ ശരിവെക്കുന്നതാണ് സൈജുവിന്റെ ഫോണില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ എന്നാണ് സൂചന. സ്ഥിരമായി ആഡംബര ഹോട്ടലുകളില്‍ ഡി ജെ പാര്‍ട്ടികളില്‍ പങ്കെടുത്തിരുന്ന സൈജു പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന സ്ത്രീകളുമായി സൌഹൃദമുണ്ടാക്കി അവരെ ചൂഷണം ചെയ്തിട്ടുണ്ടെന്നും പൊലീസ് സംശയിക്കുന്നുണ്ട്.