ധർമടം ∙ ‘ഹലാൽ’ എന്ന വാക്കിന്റെ അർഥം കഴിക്കാൻ പറ്റുന്നത് എന്നാണെന്നും ആ പദം ഉയർത്തി സമൂഹത്തിൽ ചേരിതിരിവു സൃഷ്ടിക്കാനാണു സംഘപരിവാർ ശക്തികൾ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യവാദികൾ വേട്ടയാടപ്പെടുകയാണ്. ആധുനിക ജനാധിപത്യ കാഴ്ചപ്പാടിൽ നിന്നു വ്യതിചലിച്ച് ഹിന്ദുത്വ രാഷ്ട്രീയം നടപ്പാക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചിറക്കുനിയിൽ സിപിഎം പിണറായി ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്തിന് അധികാരമുള്ള വിഷയങ്ങളിൽ പോലും കേന്ദ്രം നിയമനിർമാണം നടത്തുന്നു. കൃഷി, സഹകരണം, വൈദ്യുതി മേഖലകളിലാണിത്. ഇതു ചില സംസ്ഥാനങ്ങളെ ലക്ഷ്യമിട്ടാണ്. സഹകരണ രംഗത്ത് ക്രെഡിറ്റ് മേഖല കരുത്തുറ്റു നിൽക്കുന്നതു കേരളത്തിലാണ്. അതിനെ തകർക്കാനാണു നീക്കം.
വർഗീയതയെ ചെറുക്കാൻ കോൺഗ്രസിനെക്കൊണ്ട് ആകില്ല. മതനിരപേക്ഷത, സാമ്രാജ്യത്വ വിരുദ്ധത, പൊതുമേഖലാ സംരക്ഷണം എന്നിവയിൽ നിന്നു കോൺഗ്രസ് പിന്നോട്ടു പോയതോടെ ജനം അവരെ കൈവിട്ടു. അതിനാലാണ് ഡിഎംകെ കോൺഗ്രസിനു കൂടുതൽ സീറ്റ് നൽകാനാകില്ലെന്ന് പറഞ്ഞത്. ബിജെപിയെ പരാജയപ്പെടുത്താൻ വ്യക്തതയുള്ള നിലപാട് ഇടതുപക്ഷത്തിനു മാത്രമാണ്. ഇടതുപക്ഷം യോജിച്ചു നിന്ന് മറ്റു ജനാധിപത്യ ശക്തികളെ കൂടി യോജിപ്പിച്ചു സാധ്യതകൾ കൃത്യമായി വിലയിരുത്തി മുന്നോട്ട് പോകും.
ദേശീയതലത്തിൽ ബിജെപിയെ പരാജയപ്പെടുത്തലാണു സിപിഎമ്മിന് പരമപ്രധാനം. അതിനുതകുന്ന കൂട്ടുകെട്ടോ മുന്നണിയോ രൂപം കൊള്ളാനുള്ള സാധ്യത ഇതേവരെ ഇല്ല. ബിജെപിക്കെതിരെ അണിനിരക്കാനുള്ള ശക്തികളുമായി ഓരോ സംസ്ഥാനത്തും സിപിഎം സഹകരിക്കും. കോൺഗ്രസുമായി ദേശീയതലത്തിൽ കൂട്ടുകെട്ട് ഉണ്ടാക്കില്ലെന്നും പിണറായി പറഞ്ഞു.