മസ്കത്ത്: വിദേശികളെ ലക്ഷ്യമാക്കി നടത്തുന്ന വാക്സിനേഷന് ക്യാമ്പുകള്‍ പ്രവാസികളടക്കമുള്ളവര്‍ക്ക് ആശ്വാസമാകുന്നു.വിവിധ ഗവര്‍ണറേറ്റുകളില്‍ പ്രത്യേക ക്യാമ്പൊരുക്കിയാണ് സ്വദേശികള്‍ക്കും വിദേശികള്‍ക്കും വാക്സിന് നല്‍കുന്നത്.
മസ്കത്ത് ഗവര്‍ണറേറ്റില്‍ വിദേശികള്‍ക്ക് വാക്സിന് ഊര്‍ജിതമായി നല്കാന് മൊബൈല്‍ ടീമിനെ രൂപവത്കരിച്ചിട്ടുണ്ട്. വാക്സിന് എടുക്കാത്തവരെ കണ്ടെത്തി കൂടുതല്‍ ആളുകളിലേക്ക് കുത്തിവെപ്പ് നല്‍കാനാണ് ആരോഗ്യവകുപ്പ് ഇതിലൂടെ ഉദ്ദേശിക്കുന്നത്..വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ വിദേശികള്‍ക്കായി വെള്ളി, ശനി ദിവസങ്ങളില്‍ നടന്ന ക്യാമ്പുകളില്‍ നിരവധി പേരാണ് കുത്തിവെപ്പെടുക്കാനെത്തിയത്. സി.ഡി.സി ഇബ്രയിലും ഗവര്‍ണറേറ്റിലെ എല്ലാ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നുമായിരുന്നു വാക്സിന് നല്‍കിയിരുന്നത്.
ഒഴിവ് ദിനമായതിനാല്‍ പലര്‍ക്കും ഈ ക്യാമ്പ് പ്രയോജനപ്പെടുത്താനുമായി. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും വാക്സിന് നല്‍കുമെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ സാധാരണക്കാരായ നിരവധി പേര് വിവിധ സ്ഥലങ്ങളില്‍ നടന്ന ക്യാമ്ബുകളിലെത്തി വാക്സിന് സ്വീകരിച്ചു. രാവിലെ ആരംഭിച്ച ക്യാമ്പ് രാത്രി ഒമ്പതിനാണ് പലയിടത്തും അവസാനിച്ചത്.
തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ അവാബി വിലായത്തിലെ മാര്‍ക്കറ്റ്, നഖല്‍ വിലായത്തിലെ മാര്‍ക്കറ്റ്, വാദിഅല്മആവില് വിലായത്തിലെ അല്‍-മഹ ഇന്ധന ഫില്ലിങ് സ്റ്റേഷന്, മുസന്ന വിലായത്തിലെ തുറൈഫ്, അല്‍-മല്ദ മേഖലകളില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നടന്ന വാക്സിനേഷന് ഫീല്‍ഡ് കാമ്ബയിനിലും നിരവധിപര് കുത്തിവെപ്പെടുത്തിരുന്നു.