കൊച്ചി: ഒമിക്രോൺ (Omicron) ജാഗ്രതയിൽ കേരളവും. വിമാനത്താവളങ്ങളിലടക്കം സംസ്ഥാനം നിരീക്ഷണം ശക്തമാക്കി. പ്രതിരോധമാർഗങ്ങൾ തീരുമാനിക്കുന്നതിന് ഇന്ന് ഉന്നതതല യോഗം ചേരുന്നുണ്ട്. പുതിയ വാക്സിൻ വകഭേദത്തിൻ്റെ സവിശേഷതകളെക്കുറിച്ച് ഇനിയും വ്യക്തമാവേണ്ടതിനാൽ വാക്സിനേഷൻ വേഗത്തിലാക്കുന്നതിനാണ് നിലവിൽ സംസ്ഥാനത്തിന്റെ പ്രഥമ പരിഗണന.
രോഗവ്യാപനത്തിൽ മാസങ്ങളോളം മുന്നിട്ട് നിന്ന കേരളത്തിൽ നിലവിൽ രോഗികളുടെ എണ്ണം കാര്യമായി കുറഞ്ഞെങ്കിലും ഇപ്പോഴും സംസ്ഥാനം സുരക്ഷിത തീരത്തല്ല. ഇതിനിടെയാണ് ഒമിക്രോൺ ഭീഷണി ഉയരുന്നത്. രാജ്യത്ത് എവിടെയും വകഭേദം സ്ഥിരീകരിച്ചിട്ടല്ലെങ്കിലും, കേരളം ഒരുപടി കൂടി കടന്ന് ജാഗ്രതയിലാണ്. കൊവിഡ് അവലോകന സമിതിയിലെ ആരോഗ്യവിദഗ്ധരാണ് ഇന്ന് യോഗം ചേരുന്നത്. ഇതിന് ശേഷമാകും പ്രതിരോധമാർഗങ്ങളിൽ അന്തിമ തീരുമാനം.
വാക്സീനിഷേന് തന്നെയാണ് പ്രധാന ഊന്നൽ. ഒമിക്രോൺ വകദേദത്തിന് വാക്സീനെ അതിജീവിക്കാനുള്ള കഴിവുണ്ടോ എന്നതിൽ പൂർണമായി നിഗമനത്തിലെത്താനായിട്ടില്ലെന്ന് അവലോകന സമിതി അംഗം ഡോ.ഇക്ബാൽ തന്നെ ചൂണ്ടിക്കാട്ടുന്നു. എങ്കിലും രണ്ടാം ഡോസ് വാക്സിൻ പരമാവധി വേഗത്തിലാക്കുകയാണ് നിലവിലെ ലക്ഷ്യം. ആദ്യ ഡോസ് വാക്സിനേഷൻ 96% പൂർത്തിയായിട്ടുണ്ട്. രണ്ടാം ഡോസ് 63ശതമാനവും. ആദ്യ ഡോസ് വാക്സിനേഷൻ 90% കടന്നതിന് ശേഷമുള്ള മെല്ലെപ്പോക്കിൽ ആരോഗ്യവകുപ്പിന് ആശങ്കയുണ്ട്.