കണ്ണൂർ: തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ ചെയർമാനും കോൺഗ്രസ് നേതാവുമായ മമ്പറം ദിവാകരനെ (mambaram divakaran) കോൺഗ്രസ് (congress ) പുറത്താക്കി. പാർട്ടി അച്ചടക്ക ലംഘനത്തിന്റെ പേരിലാണ് നടപടി. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി സൊസൈറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂർ ഡിസിസി അംഗീകരിച്ച കോൺഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരായി മമ്പറം ദിവാകരന്റെ നേതൃത്വത്തിൽ ബദൽ പാനൽ മത്സരിക്കുന്നുണ്ട്. പാർട്ടി നേതൃത്വത്തെ ധിക്കരിച്ച് ബദൽ പാനലിൽ മത്സരിക്കുന്ന നിലവിലെ പ്രസിഡന്റ് മമ്പറം ദിവാകരൻ ഗുരുതരമായ അച്ചടക്ക ലംഘനമാണ് കാട്ടിയതെന്നും അതിനാലാണ് അദ്ദേഹത്തെ പാർട്ടിയിൽ നിന്നും പുറത്താക്കുന്നതെന്നും കെപിസിസി ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണൻ അറിയിച്ചു.
മമ്പറം മണ്ഡലം കോൺഗസ് കമ്മിറ്റി പ്രസിഡണ്ട് കെ.കെ.പ്രസാദിനെ സ്ഥാനത്ത് നിന്ന് നീക്കി. മമ്പറം ദിവാകരന് വേണ്ടി പ്രവർത്തിച്ചതിനെ തുടർന്നാണ് നടപടി. ഡിസിസി ജനറൽ സെക്രട്ടറി പൊന്നമ്പത്ത് ചന്ദ്രന് താൽക്കാലിക ചുമതല നൽകി.