തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ നോറോ വൈറസ് സ്ഥിരീകരിച്ചതോടെ പ്രതിരോധ നടപടികളുമായി ആരോഗ്യവകുപ്പ്.57 കേസുകള്‍ സ്ഥിരീകരിച്ച സെന്റ് മേരീസ് കോളജ് ഹോസ്റ്റലും പ്രദേശത്തെ കിണറുകളും അണുവിമുക്തമാക്കി. ഹോസ്റ്റലുകളിലും ആളുകള്‍ ഒരുമിച്ച് താമസിക്കുന്ന ഇടങ്ങളിലും ജാഗ്രത നിര്‍ദേശം നല്‍കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ഹോസ്റ്റലിലെ കുടിവെള്ളത്തില്‍ നിന്നാണ് രോഗം പകര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. തുടര്‍ന്ന് പ്രദേശത്തെ കിണറുകള്‍ അണുവിമുക്തമാക്കുകയാണ് ആരോഗ്യ വകുപ്പ്. രോഗം പകരാതിരിക്കാന്‍ 25 ഓളം വിദ്യാര്‍ത്ഥികളെ ഐസൊലേറ്റ് ചെയ്തിട്ടുണ്ടെന്ന് ഡിഎംഒ അറിയിച്ചു. മറ്റ് ജില്ലകളിലേക്ക് പോയ വിദ്യാര്‍ത്ഥികള്‍ക്ക് ശുചിത്വം പാലിക്കാന്‍ പ്രത്യേക നിര്‍ദേശം നല്‍കി. അതാത് ജില്ലകളിലെ ഡിഎംഓ മാരേയും വിവരം അറിയിച്ചിട്ടുണ്ട്.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. പരിശോധനക്കായി കൂടുതല്‍ സാമ്ബിളുകള്‍ ആലപ്പുഴയിലെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലത്തിനായി കാത്തിരിക്കുകയാണ്. ജില്ലയിലെ ഹോസ്റ്റലുകളില്‍ ജാഗ്രത നിര്‍ദേശം നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
എന്താണ് നോറോ വൈറസ് ?
ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ രോഗമാണ് നോറോവൈറസ് മൂലം സംഭവിക്കുന്നത്. വയറിന്റെയും കുടലിന്റെയും അതിരുകളില്‍ വീക്കം സംഭവിക്കുകയും കടുത്ത വയറുവേദനയും ഛര്‍ദിയും അനുഭവപ്പെടുകയും ചെയ്യും.ഛര്‍ദി, വയറിളക്കം എന്നിവ കൂടിയാല്‍ നിര്‍ജലീകരണം സംഭവിക്കുകയും രോഗം ഗുരുതരാവസ്ഥയിലേക്ക് മാറുകയും ചെയ്യും
വയറിളക്കം, വയറുവേദന, ഛര്‍ദി, മനംപുരട്ടല്‍, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങള്‍. മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയേറ്റ വ്യക്തികളുമായി നേരിട്ടുള്ള സമ്ബര്‍ക്കത്തിലൂടെയും രോഗം പകരും.
രോഗബാധിതനായ വ്യക്തിയില്‍ നിന്ന് പുറത്തെത്തുന്ന സ്രവങ്ങളിലൂടെ വൈറസ് പ്രതലങ്ങളില്‍ തങ്ങി നില്‍ക്കുകയും അവയില്‍ സ്പര്‍ശിക്കുന്നവരുടെ കൈകളിലേക്ക് പടരുകയും ചെയ്യും. കൈകള്‍ കഴുകാതെ മൂക്കിലും വായിലും തൊടുന്നതോടെ വൈറസ് ശരീരത്തില്‍ വ്യാപിക്കും. നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളിലാണ് നോറോ വൈറസ് കൂടുതലായും പടരുന്നത്. പ്രായഭേദമന്യേ എല്ലാവരിലും വൈറസ് ബാധിക്കാം.