കൊച്ചി : ആത്മഹത്യ ചെയ്ത ആലുവയിലെ നിയമവിദ്യാർത്ഥിനി മൊഫിയ പർവീണിൻറെ ( mofia parveen ) വീട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ (Arif Mohammad Khan) സന്ദർശിക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഗവർണർ വീട് സന്ദർശിക്കുക. അതേസമയം മൊഫിയയുടെ മരണത്തിൽ ആലുവ ഈസ്റ്റ് മുൻ സി ഐ സുധീർ കുമാറിനെ വെട്ടിലാക്കുന്നതാണ് പൊലീസ് എഫ്ഐആർ. സുധീർ മൊഫിയയോട് കയർത്ത് സംസാരിച്ചെന്നും ഇനിയൊരിക്കലും നീതി കിട്ടില്ലെന്ന മനോവിഷമത്തിൽ മൊഫിയ ജീവനൊടുക്കിയെന്നുമാണ് എഫ്ഐആറിൽ പറയുന്നത്. മൊഫിയയുടെ ബന്ധുവിൻറെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുധീറിൻറെ പേരും എഫ്ഐആറിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പൊലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൊഫിയയെയും ഭർത്താവിനെയും സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയിരുന്നു. ഇവിടെവെച്ച് മൊഫിയ ഭർത്താവിൻറെ കരണത്തടിച്ചു. ഇതിൽ മൊഫിയയോട് സുധീർ കയർത്ത് സംസാരിച്ചു. ഒരിക്കലും നീതി കിട്ടില്ലെന്ന മനോവിഷമത്തിൽ മൊഫിയ ജീവനൊടുക്കിയെന്നാണ് റിപ്പോർട്ടിലുള്ളത്. മൊഫിയയുടെ കുടുംബത്തിൻ്റെ നിരന്തര ആവശ്യങ്ങൾക്കും കോൺഗ്രസിൻ്റെ ശക്തമായ പ്രതിഷേധ സമരങ്ങൾക്കും ഒടുവിൽ സിഐ സുധീർ കുമാറിനെ സസ്പെൻറ് ചെയ്തിരുന്നു.
കേസ് കൈകാര്യം ചെയ്യുന്നതിൽ സുധീറിന് ഗുരുതര വീഴ്ച്ച പറ്റിയെന്ന് ഡിഐജിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ സുധീറിനെതിരെ വകുപ്പുതല അന്വേഷണത്തിനായി കൊച്ചി ഈസ്റ്റ് ട്രാഫിക് അസി. കമ്മീഷണറെ ഡിജിപി ചുമതലപ്പെടുത്തി. മൊഫിയക്ക് ഭർതൃവീട്ടിൽ ഗുരുതര പീഡനമേൽക്കേണ്ടി വന്നെന്ന് റിമാൻഡ് റിപ്പോർട്ടും വ്യക്തമാക്കുന്നുണ്ട്. ഭർത്താവ് സുഹൈൽ മൊഫിയയെ ലൈംഗിക വൈകൃതങ്ങൾക്ക് വിധേയയാക്കി. സത്രീധനം ആവശ്യപ്പെട്ട് ഭർതൃമാതാവ് റുഖിയയും മൊഫിയയെ ഉപദ്രവിച്ചെന്നും റിപ്പോർട്ടിലുണ്ട്.