കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായ ഡിവൈഎഫ്ഐ (DYFI) പ്രവർത്തകനായിരുന്ന പുഷ്പന് (Pushpan) ഡിവൈഎഫ്ഐ നിർമിച്ച് നൽകിയ വീടിന്റെ താക്കോൽ കൈമാറി. മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) പുഷ്പന്റെ ചൊക്ലി മേനപ്പുറത്തുള്ള വീട്ടിലെത്തിയാണ് താക്കോൽ കൈമാറിയത്. ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായ പുഷ്പൻ എല്ലാ തലങ്ങളിലുമുള്ള ആളുകൾക്കും ആവേശം പകരുന്നതാണെന്നും പുഷ്പന് പുതിയ വീട് നിർമ്മിച്ച് നൽകിയതിലൂടെ ഡിവൈഎഫ്ഐ മാതൃകാപരമായ കാര്യമാണ് കാഴ്ചവച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരിപാടിയിൽ ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എഎ റഹീം അധ്യക്ഷത വഹിച്ചു. മന്ത്രി പിഎ മുഹമ്മദ് റിയാസ്, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് മനുതോമസ്, സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ എന്നിവർ പങ്കെടുത്തു. തറവാട് വീടിന് സമീപത്താണ് ഇരുനില വീട് നിർമ്മിച്ചത്. കൂത്തുപറമ്പ് വെടിവെപ്പ് നടന്ന് 27 വർഷത്തിന് ശേഷമാണ് പുഷ്പന് എല്ലാ സൗകര്യങ്ങളോടെയും വീടൊരുങ്ങുന്നത്.