ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ നാളെ ലോക്സഭയിലെത്തും. പാർലമെന്റ് ശീതകാല സമ്മേളത്തിൽ അവതരിപ്പിക്കുന്ന ആദ്യ ബിൽ, നിയമങ്ങൾ പിൻവലിക്കാനുള്ള നടപടികൾക്ക് തുടക്കമിടും. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറാണ് ബിൽ അവതരിപ്പിക്കുന്നത്. സമ്മേളനത്തിനു മുന്നോടിയായി രാജ്യസഭാ അധ്യക്ഷ വെങ്കയ്യ നായിഡു ഇന്ന് സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്.
അതേസമയം താങ്ങുവിലയ്ക്ക് നിയമസംരക്ഷണം ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് അടിയന്തരപ്രമേയത്തിന് ആദ്യദിവസം തന്നെ പ്രതിപക്ഷം നോട്ടീസ് നല്കും. ബുധനാഴ്ച രാജ്യസഭയിലും ബിൽ പാസാക്കി കാർഷിക നിയമങ്ങളെ ചൊല്ലിയുള്ള വിവാദം അവസാനിപ്പിക്കാനാണ് സർക്കാർ ശ്രമം. സമവായം ഇല്ലാതെ നിയമം കൊണ്ടുവന്നതിൽ പ്രധാനമന്ത്രിയുടെ വിശദീകരണം പ്രതിപക്ഷം തേടും. പഞ്ചാബ്. ഉത്തർ പ്രദേശ് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് കേന്ദ്രം കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത്.