ദില്ലി: സംഘപരിവാറിന്റെ ഹലാൽ ഭക്ഷണ വിവാദത്തിൽ പ്രതികരിച്ച് മാധ്യമപ്രവർത്തകനും രാജ്യസഭ എംപിയുമായ ജോൺ ബ്രിട്ടാസ് രംഗത്ത്. പാർലമെന്റ് ക്യാന്റീനിലെ ഭക്ഷണം ഇന്നും ഹലാൽ തന്നെയാണെന്ന കാര്യം സംഘപരിവാറുകാർക്ക് അറിയില്ലെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. ദേശാഭിമാനിയിൽ പങ്കുവച്ച ലേഖനത്തിലാണ് ജോൺ ബ്രിട്ടാസിന്റെ പ്രതികരണം.
മൂന്നു പതിറ്റാണ്ടുമുമ്പ് ഡൽഹിയിൽ മാധ്യമപ്രവർത്തകനായി എത്തിയപ്പോൾ പാർലമെന്റിൽ വന്ന ഒരു ചോദ്യത്തിലൂടെയാണ് ഹലാൽ എന്ന പദപ്രയോഗം ശ്രദ്ധയിൽപ്പെട്ടത്. പാർലമെന്റ് ക്യാന്റീനിൽ നൽകുന്ന ഭക്ഷണം, വിശേഷിച്ച് മാംസാഹാരം, ഹലാൽ ആണോ ജഡ്കയാണോ എന്നായിരുന്നു ചോദ്യം. ഹലാൽ എന്ന മറുപടിയാണ് സഭയിൽ അന്നത്തെ മന്ത്രി നൽകിയതെന്ന് ജോൺ ബ്രിട്ടാസ് ലേഖനത്തിൽ പറഞ്ഞു.
ജോൺ ബ്രിട്ടാസിന്റെ ലേഖനത്തിന്റെ പൂർണരൂപം:
മൂന്നു പതിറ്റാണ്ടുമുമ്പ് ഡൽഹിയിൽ മാധ്യമപ്രവർത്തകനായി എത്തിയപ്പോൾ പാർലമെന്റിൽ വന്ന ഒരു ചോദ്യത്തിലൂടെയാണ് ഹലാൽ എന്ന പദപ്രയോഗം ഈ ലേഖകന്റെ ശ്രദ്ധയിൽപ്പെട്ടത്. പാർലമെന്റ് ക്യാന്റീനിൽ നൽകുന്ന ഭക്ഷണം, വിശേഷിച്ച് മാംസാഹാരം, ഹലാൽ ആണോ ജഡ്കയാണോ എന്നായിരുന്നു ചോദ്യം.
ഹലാൽ എന്ന മറുപടിയാണ് സഭയിൽ അന്നത്തെ മന്ത്രി നൽകിയത്. കഴിയാവുന്ന തരത്തിലുള്ള ഭക്ഷണമൊക്കെ കഴിച്ചിരുന്നതുകൊണ്ടാകണം ഹലാൽ/ജഡ്ക ചോദ്യം കൗതുകകരമായിത്തോന്നിയത്. വർഷങ്ങൾക്കുശേഷം ഹലാൽ ചോദ്യം കേരളത്തിൽ വിവാദമായി ഭവിക്കുമെന്ന് അന്നു നിനച്ചിരുന്നില്ല. കേരളത്തിൽ ഹലാലിനുമേൽ വിവാദം സൃഷ്ടിക്കുമ്പോഴും പാർലമെന്റ് ക്യാന്റീനിലെ ഭക്ഷണം ഇന്നും ഹലാൽ തന്നെയാണെന്ന് സംഘപരിവാറുകാർ അറിയുന്നുണ്ടാകില്ല.
ഹലാൽ എന്നാൽ അനുവദിക്കപ്പെട്ട ഭക്ഷണമെന്നാണ് അർഥം. മാംസാഹാരത്തിന്റെ കാര്യത്തിലാണ് ഇതിന്റെ പ്രസക്തി. അറുത്ത് ചോര വാർന്ന മാംസമാണ് ഹലാൽ. ജഡ്ക എന്നാൽ തൽക്ഷണം ഇടിച്ചുകൊല്ലുന്ന രീതിയാണ്. മാംസത്തിൽ രക്തം കട്ടപിടിച്ചു കിടക്കുന്നത് വിഷാംശമുണ്ടാകാൻ ഇടവരുത്തുമെന്ന് പറയുന്നവരുണ്ട്.
ജനാധിപത്യത്തിന്റെ മാറ്റു നിർണയിക്കുന്ന അളവുകോലുകളിലൊന്നാണ് ബഹുസ്വരത. ഇഷ്ടമുള്ള ഭക്ഷണവും വേഷവും ഭാഷയുമൊക്കെ സ്വതന്ത്രമായി തെരഞ്ഞെടുക്കാൻ അവസരം ലഭിക്കുമ്പോഴാണ് സമൂഹം പക്വതയാർജിക്കുന്നത്. യഹൂദരുടെ ക്വോഷർ ഭക്ഷണരീതിയെ വിമർശിച്ചുകൊണ്ടാണ് ഹിറ്റ്ലർ വംശീയ വിദ്വേഷത്തിന് തിരിതെളിച്ചത്. ഇന്ന് ഇന്ത്യയിൽ ഭക്ഷണവും ഭാഷയും വേഷവുമൊക്കെ ഭിന്നിപ്പും ധ്രുവീകരണവും സൃഷ്ടിക്കാനുള്ള ഉപാധികളായാണ് സംഘപരിവാർ കാണുന്നത്.
ചില ഭക്ഷ്യയിനങ്ങളെ മതവുമായി കൂട്ടിയിണക്കാൻ ബിജെപി നടത്തുന്ന ശ്രമങ്ങൾ പഠനാർഹമാണ്. മുംബൈയിലെ ഭീകരാക്രമണക്കേസിലെ പ്രതി കസബിനെപ്പോലും ഇതിനായി ഉപയോഗിച്ചെന്നത് പലരെയും അമ്പരപ്പിച്ച കാര്യമാണ്. കസബ് ജയിലിൽ ബിരിയാണി ചോദിച്ചെന്നു പറഞ്ഞ് കോടതിയിൽ രംഗം കൊഴുപ്പിച്ച അഭിഭാഷകന്റെ യഥാർഥ ഉദ്ദേശ്യം മതവിദ്വേഷം സൃഷ്ടിക്കലായിരുന്നു. അതിഹീനമായ പ്രവൃത്തി ചെയ്തയാളാണ് കസബ് എങ്കിലും ബിരിയാണിക്കഥ കെട്ടുകഥയായിരുന്നെന്ന് പിന്നീട് സ്ഥിരീകരണമുണ്ടായി.
എല്ലാ സമുദായത്തിലും അപരിഷ്‌കൃതമായ രീതികളുണ്ട്. എന്നാൽ, ഹലാൽ തുപ്പലാണെന്നു പ്രചരിപ്പിക്കുമ്പോഴാണ് അതിന്റെ പിന്നിലെ ഗൂഢതന്ത്രം വെളിവാകുന്നത്.
എത്രയോ സംസ്‌കൃതികളുടെ സമന്വയമാണ് നമ്മുടെ പൈതൃകം! അതിൽ സംഗീതവും കലയും ശിൽപ്പവേലയും വൈദ്യവും ഭക്ഷണവും വസ്ത്രവുമൊക്കെ ഉൾപ്പെടും. ഏറ്റവും കൂടുതൽ വൈവിധ്യങ്ങൾ ആശ്ലേഷിക്കുന്നവരാണ് മലയാളികൾ.
ലോകത്തിന്റെ ഏതു കോണിലുമുള്ള ഭക്ഷണവും സ്വന്തമായി കാണാനാണ് മലയാളി ശ്രമിക്കുന്നത്. ഹലാലിനെ തുപ്പലുമായി ബന്ധപ്പെടുത്തി വിഷലിപ്തമായ ഒരു പ്രചാരണമാണ് ആർഎസ്എസ് അഴിച്ചുവിടുന്നത്. എല്ലാ സമുദായത്തിലും അപരിഷ്‌കൃതമായ രീതികളുണ്ട്. എന്നാൽ, ഹലാൽ തുപ്പലാണെന്നു പ്രചരിപ്പിക്കുമ്പോഴാണ് അതിന്റെ പിന്നിലെ ഗൂഢതന്ത്രം വെളിവാകുന്നത്.
ഓതിയും ഊതിയും വെഞ്ചരിച്ചുമൊക്കെ വെള്ളവും നൂലും ഭക്ഷണവും മറ്റും നൽകുന്ന രീതി എല്ലാ മതത്തിലുമുണ്ട്. കർണാടകത്തിലെ കുക്കെ സുബ്രഹ്മണ്യക്ഷേത്രത്തിലും ഉഡുപ്പിയിലെ ശ്രീകൃഷ്ണക്ഷേത്രത്തിലും നടക്കുന്ന ഒരാചാരമുണ്ട് ബ്രാഹ്മണർ കഴിച്ചു ബാക്കിയായ ഭക്ഷണത്തിൽ, എച്ചിലിൽ, ഉരുളുക.
ഇതിന് മഠേ സ്‌നാന എന്നാണ് പേര്. ഇത് യഥാർഥത്തിൽ തുപ്പൽ സ്‌നാനമാണ്. ഈയൊരു പ്രാകൃതാചാരത്തെ മുൻനിർത്തി ഹിന്ദുമതവിഭാഗത്തെയാകെ കടന്നാക്രമിക്കാൻ ശ്രമിച്ചാൽ അത് ആർക്കെങ്കിലും സമ്മതിച്ചുകൊടുക്കാൻ കഴിയുമോ?