ചെക്ക് പോസ്റ്റിൽ നിർത്താതെ പോയ ഡോക്ടറെ കൊലപ്പെടുത്തി താലിബാൻറെ (Taliban) ക്രൂരത. വെള്ളിയാഴ്ച അഫ്ഗാനിസ്ഥാനിലെ ( Afghanistan) ഹെറത്ത് പ്രവിശ്യയിലാണ് താലിബാൻറെ ക്രൂരതയെന്നാണ് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. 33 വയസ് പ്രായമുള്ള ഡോക്ടറായ അമറുദ്ദീൻ നൂറി എന്നയാളാണ് കൊല്ലപ്പെട്ടത്. താലിബാൻ സേനയുടെ ചെക്ക് പോസ്റ്റിൽ നിൽക്കാൻ തയ്യാറാകാത്തതാണ് അമറുദ്ദീൻ ചെയ്ത കുറ്റകൃത്യമെന്നാണ് ഇയാളുടെ കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചത്.
അടുത്തിടെ വിവാഹിതനായ അമറുദ്ദീൻ നൂറി ഒരു സ്വകാര്യ ക്ലിനിക്ക് നടത്തിയിരുന്നു. ഓഗസ്റ്റ് 15ന് താലിബാൻ അധികാരത്തിലെത്തിയതിന് സമാനമായ സംഭവങ്ങൾ അഫ്ഗാനിസ്ഥാനിൽ പതിവാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആളുകളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പുവരുത്തുമെന്ന് വാഗ്ദാനം ചെയ്ത താലിബാൻ ഇതിൽ നിന്ന് മാറുന്ന കാഴ്ചയാണ് പിന്നീട് കാണാൻ സാധിച്ചത്.