കാസർകോട് : ആദൂരിൽ കാറിൽ കടത്തുകയായിരുന്ന 125 കിലോ കഞ്ചാവ് പിടികൂടി. കർണാടകയിൽ നിന്ന് കടത്തികൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. കാറിൻറെ ഡിക്കിയിലും സീറ്റിലുമായി 60 പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് ബദിര സ്വദേശി സുബൈറാണ് അറസ്റ്റിലായത്. കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
കർണാടകത്തിലെ മടിക്കേരിയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്നാണ് മൊഴി. രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ ഇന്ന് പുലർച്ചെ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ആദൂർ ഇൻസ്പെക്ടർ അനിൽകുമാറിൻറെ നേതൃത്വത്തിലുള്ള സംഘമാണ് കടത്ത് പിടികൂടിയത്. കാറിൻറെ ഉടമസ്ഥനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കർണാടകത്തിൽ നിന്ന് റോഡ് മാർഗം കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നത് വർധിച്ചതായാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. ഈ സാഹചര്യത്തിൽ പൊലീസും എക്സൈസും കൂടുതൽ പരിശോധനകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.