പുതുച്ചേരി: പുതുച്ചേരിയിൽ ഇന്നുപുലർച്ചെ വീടിനുള്ളിൽ ഉണ്ടായ വൻ സ്‌ഫോടനത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. മുതിയാൽപേട്ട അങ്കാലമ്മൻ നഗർ ഒന്നാം സ്ട്രീറ്റിൽ ശ്രീനിവാസൻ എന്നയാളുടെ വീട്ടിലാണ് സ്ഫോടനമുണ്ടായത്.ശ്രീനിവാസൻ, ഭാര്യ ജ്യോതി, മകൾ ഏഴിലരശി, കൊച്ചുമക്കൾ എന്നിവർക്ക് പരിക്കേറ്റു.
മൂന്നു പേരുടെ നില ഗുരുതരമാണ്. സ്ഫോടനത്തിൽ വീട് പൂർണമായും തകർന്നു. വീടിനോട് ചേർന്നുള്ള കെട്ടിടത്തിലാണ് ബിജെപി പ്രാദേശിക ഘടകം ഓഫീസ് പ്രവർത്തിച്ചിരുന്നത്. ശ്രീനിവാസൻറെ ബന്ധുവും പ്രാദേശിക ബിജെപി പ്രവർത്തകനുമായ സുരേഷ് കഴിഞ്ഞ ദിവസം ഇവിടെ സുഹൃത്തുക്കൾക്കൊപ്പം സ്വന്തം പിറന്നാൾ പടക്കം പൊട്ടിച്ച് ആഘോഷിച്ചിരുന്നു. ഈ കെട്ടിടത്തിനും സ്ഫോടനത്തിൽ നാശമുണ്ടായിട്ടുണ്ട്.
സംഭവത്തിൽ ദുരൂഹതയുണ്ടെന്നും കാരണം അന്വേഷിച്ച് വരികയാണെന്നും പോണ്ടിച്ചേരിയുടെ ക്രമസമാധാന ചുമതലയുള്ള സീനിയർ എസ്പി ആർ.ലോഗേശ്വരൻ അറിയിച്ചു. മുതിയാൽപേട്ട പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഏത് തരം സ്ഫോടക വസ്തുവാണ് എന്നതടക്കം വിവരങ്ങൾ പൊലീസ് അന്വേഷിച്ച് വരികയാണ്.