തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പതിനാലാം പഞ്ചവത്സര പദ്ധതി രൂപീകരണത്തിന് മുന്നോടിയായി അവസ്ഥാരേഖ തയ്യാറാക്കുന്നതിനും വികസന രേഖ പരിഷ്‌കരിക്കുന്നതിനുമുള്ള മാര്‍ഗരേഖ അംഗീകരിച്ചതായി തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. 2022 ഏപ്രില്‍ 1ന് ആരംഭിക്കുന്ന പതിനാലാം പഞ്ചവത്സര പദ്ധതിയും പതിനാലാം പദ്ധതിയിലെ ആദ്യ വാര്‍ഷിക പദ്ധതിയും തയ്യാറാക്കുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് മാര്‍ഗരേഖ അംഗീകരിച്ച് ഉത്തരവിറക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ജനകീയാസൂത്രണത്തിന്റെ രജതജൂബിലി വേളയില്‍ കഴിഞ്ഞ ഇരുപത്തിയഞ്ചുവര്‍ഷത്ത പ്രവര്‍ത്തനങ്ങള്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിശദമായി വിലയിരുത്തണം. നേട്ടങ്ങള്‍ ബലപ്പെടുത്തിയും പോരായ്മകള്‍ പരിഹരിച്ചും പുതിയ വെല്ലുവിളികള്‍ ഏറ്റെടുത്തും മുന്നോട്ടുപോകാന്‍ തയ്യാറാവണം. പതിനാലാം പദ്ധതിയും പരിപ്രേക്ഷ്യം രൂപീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ സര്‍ക്കാര്‍ തുടങ്ങികഴിഞ്ഞു. ഇതിന്റെ അന്തിമ രൂപമാകുന്നത് വരെ കാത്തുനില്‍ക്കാതെ പതിനാലം പദ്ധതിയുടെ മുന്നൊരുക്കപ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആരംഭിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
ആസൂത്രണ സമിതികളും വര്‍ക്കിംഗ് ഗ്രൂപ്പുകളും ഡിസംബര്‍ 10നകം പുനസംഘടിപ്പിച്ച് അവസ്ഥാരേഖ തയ്യാറാക്കാന്‍ തുടങ്ങണം. സ്റ്റാന്‍ഡിംഗ് കമ്മറ്റികള്‍ ഇതിന് നേതൃത്വം നല്‍കണം. 1996ലെ അവസ്ഥയും ഇപ്പോഴത്തെ അവസ്ഥയും വിലയിരുത്തിക്കൊണ്ടാവണം ഇരുപത്തിയഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ നോക്കി കാണേണ്ടത്. വെല്ലുവിളികളും വികസന വിടവുകളും പ്രശ്‌ന വിശകലനങ്ങളും പരിഹാര സാധ്യതകളും മനസിലാക്കി പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് മന്ത്രി പറഞ്ഞു.
വികസന പരിപ്രേക്ഷ്യം തയ്യാറാക്കുമ്പോള്‍ വികസന ലക്ഷ്യങ്ങള്‍ അഞ്ച്, പത്ത് വര്‍ഷങ്ങളിലെ ലക്ഷ്യങ്ങളായി രണ്ട് രീതിയില്‍ നിര്‍വചിക്കണം. കേന്ദ്ര,സംസ്ഥാന പദ്ധതികളുമായും മിഷനുകളുമായും മറ്റ് മേഖലകളുമായും ത്രിതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായുള്ള സംയോജന സാധ്യതകള്‍ ആരായണം. അവസ്ഥാരേഖ തയ്യാറാക്കുന്നതിന് സമാന്തരമായി വികസന രേഖയുടെ പരിഷ്‌കരണവും നടത്തണമെന്ന് മന്ത്രി വ്യക്തമാക്കി.