തിരുവനന്തപുരം;രൂക്ഷമായ വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനായി കഴിഞ്ഞ നാലു ദിവസത്തിനിടെ 5,919 മെട്രിക് ടൺ നിത്യോപയോഗ സാധനങ്ങൾ സംസ്ഥാനത്ത് എത്തിച്ചു സപ്ലൈകോ ഔട്ട്ലെറ്റുകളിലൂടെ വിതരണം ചെയ്യുന്നതായി ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ. 1,800 ഓളം സപ്ലൈകോ ഔട്ട്ലെറ്റുകളിലൂടെ യാതൊരു വിലവർധനയുമില്ലാതെയാണു 13 ഇനം നിത്യോപയോഗ സാധനങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ആന്ധ്രപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിലെ മഴക്കെടുതിമൂലം സാധന ലഭ്യത കുറഞ്ഞതോടെ, സപ്ലൈകോ വഴിയുള്ള സബ്സിഡി സാധനങ്ങളുടെ വിതരണത്തിൽ ചില ഉത്പന്നങ്ങളുടെ കുറവ് ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതു പരിഹരിക്കുന്നതിന് അടിയന്തര ഇടപെടൽ നടത്താൻ ഭക്ഷ്യവകുപ്പിനു കഴിഞ്ഞു. ഇതിന്റെ ഭാഗമായാണു നാലു ദിവസത്തിനിടെ 5,919 മെട്രിക് ടൺ ഭക്ഷ്യോത്പന്നങ്ങൾ സംസ്ഥാനത്തേക്ക് എത്തിച്ചത്. ഇതിനു പുറമേ 5,80,847 പാക്കറ്റ് വെളിച്ചെണ്ണയും സപ്ലൈകോ ഔട്ട്ലെറ്റുകളിൽ എത്തിക്കാനായി. വിപണിയിൽ നടത്തിയ ഈ ഇടപെടലിലൂടെ വിലക്കയറ്റം പിടിച്ചു നിർത്താൻ സർക്കാരിനു കഴിഞ്ഞു. സബ്സിഡി സാധനങ്ങൾ ജനങ്ങളിലേക്കു കൂടുതലായി എത്തിക്കുക വഴിയാണു വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനും വിപണി ഇടപെടൽ നടത്തുന്നതിനും കഴിയുന്നതെന്നും മന്ത്രി പറഞ്ഞു.
എ.പി.എൽ, ബി.പി.എൽ വ്യത്യാസമില്ലാതെ സംസ്ഥാനത്തെ എല്ലാ കാർഡ് ഉടമകൾക്കും സപ്ലൈകോ വഴി സബ്സിഡി സാധനങ്ങൾ ലഭിക്കും. പച്ചരി കിലോയ്ക്ക് 23 രൂപ, മട്ട – 24 രൂപ, ജയ – 25 രൂപ, കുറുവ – 25 രൂപ എന്നിങ്ങനെയാണു വിതരണം ചെയ്യുന്ന അരിയുടെ വില. പഞ്ചസാര കിലോയ്ക്ക് 22 രൂപ, ചെറുപയർ – 74 രൂപ, ഉഴുന്ന് – 66 രൂപ, സാമ്പാർ പരിപ്പ് – 65 രൂപ, മുളക് – 75 രൂപ, വെളിച്ചെണ്ണ – 46 രൂപ, മല്ലി – 79 രൂപ, കടല – 43 രൂപ, വൻപയർ – 45 രൂപ എന്നിങ്ങനെയാണു മറ്റു സാധനങ്ങളുടെ വില. സപ്ലൈകോ വഴിയുള്ള സബ്സിഡി സാധന വിതരണം സംസ്ഥാനത്ത് വിലക്കയറ്റം പിടിച്ചു നിർത്താൻ വലിയ പങ്കാണു വഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.