തെന്നിന്ത്യന്‍ താരസുന്ദരി സാമന്ത ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നു. ബാഫ്റ്റ അവാര്‍ഡ്നേടിയ സംവിധായകന് ഫിലിപ്പ്ജോണ് ഒരുക്കുന്ന ‘അറേഞ്ച്മെന്റ്സ് ഓഫ് ലൗ’ എന്ന ചിത്രത്തിലൂടെയാണ് താരത്തിൻറെ ഹോളിവുഡ് പ്രവേശം.ഇന്ത്യന്‍ എഴുത്തുകാരന് ടൈമേരി എന്‍. മുരാരിയുടെ 2004 ല്‍ പുറത്തിറങ്ങിയ ദി താലിബാന് ക്രിക്കറ്റ് ക്ലബ് എന്ന കഥയെ ആസ്പദമാക്കിയാണ് അറേഞ്ച്മെന്റ്സ് ഓഫ് ലൗ ഒരുങ്ങുന്നത്. സ്വന്തമായി ഡിറ്റക്ടീവ് ഏജന്‍സി നടത്തുന്ന ഒരു തമിഴ് ബൈസെക്ഷ്വല്‍ സ്ത്രീയുടെ വേഷത്തിലാണ് സാമന്ത ചിത്രത്തില്‍ എത്തുക.
വിഖ്യാത സംവിധായകനായ ഫിലിപ്പ്ജോണിനൊപ്പം ജോലി ചെയ്യാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് സാമന്ത. സാമന്ത തന്നെയാണ് ഇക്കാര്യം സമൂഹ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. ’’ഡൗണ്ടണ് ആബിയുടെ വലിയ ആരാധകയായ എന്നെപോലെ ഉള്ള ഒരു ഫാന്‍ഗേളിന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണ് ഇത്. അദ്ദേഹത്തിന്റെ പ്രോജക്ടുകളെല്ലാം പിന്തുടരുന്ന ഞാന്‍ ഒപ്പം പ്രവര്‍ത്തിക്കാന്‍ പോവുന്നതിന്റെ ആവേശത്തിലാണ്.
2019 ല്‍ പുറത്തിറങ്ങിയ ഓബേബിയില് നിര്‍മാതാവ് സുനിത ടാട്ടിയ്ക്കൊപ്പം പ്രവര്‍ത്തിച്ചു. ഇപ്പോഴിതാ അറേഞ്ച്മെന്റ്സ് ഓഫ് ലൗവിലും സുനിതയ്ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിരിക്കുന്നു. ഷൂട്ടിംഗ് തുടങ്ങാന്‍ കാത്തിരിക്കുകയാണ്. ആദ്യ ചിത്രത്തിന്റെ ഓഡിഷന് പങ്കെടുത്ത അതേ ടെന്‍ഷനായിരുന്നു അറേഞ്ച്മെന്റ്സ് ഓഫ് ലൗവിന്റെ ഓഡിഷനില്‍ പങ്കെടുക്കുമ്ബോഴും . -’’സാമന്ത കുറിച്ചു.
തൻറെ വ്യക്തി ജീവിതത്തില്‍ ചെറിയ അസ്വാരസ്യങ്ങള്‍ ഉണ്ടായെങ്കിലും കരിയറിലെ ഏറ്റവും ഭാഗ്യവര്‍ഷമാണ് ഇത്. പ്രമുഖ ഒ ടി പ്ലാറ്റ്ഫോമില്‍ സ്ട്രീം ചെയ്ത ഫാമിലി മാന്‍ വെബ്സീരിസില് രാജി എന്ന കഥാപാത്രമായി എത്തിയ സാമന്തയുടെ പ്രകടനം നിരൂപക പ്രശംസ പിടിച്ചുപറ്റിയിരുന്നു.
വിഘ്നേശ് ശിവന് സംവിധാനം ചെയ്യുന്ന കാത്തു വാക്കുല രണ്ട് കാതല്‍ ആണ് സമാന്തയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. നയന്‍താരയും വിജയ്സേതുപതിയുമാണ് മറ്റു പ്രധാന താരങ്ങള്‍. ഗുണശേഖര്‍ സംവിധാനം ചെയ്ത തെലുങ്ക് ചിത്രമായ ശകുന്തളവും റിലീസിന് ഒരുങ്ങുന്നു. സൂഫിയും സുജാതയിലൂടെ ശ്രദ്ധേയനായ ദേവ്മോഹനാണ് ശാകുന്തളത്തില്‍ സാമന്തയുടെ നായകന്.